ആപ്പിള്‍ ഉപകരണങ്ങള്‍ നിങ്ങളെ ആപ്പിലാക്കിയേക്കാം; പേസ്മേക്കർ അടക്കമുള്ള ജീവന് രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിള്‍
ന്യൂഡെല്‍ഹി: ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. പേസ്മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് ആപ്പിള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പേസ് മേക്കറുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതിനാൽ ഐഫോണുകളെ കുറഞ്ഞത് 15 സെന്റിമീറ്റർ അകലത്തിലെങ്കിലും വയ്ക്കണമെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടിന്റെ ഭാഗമായി ആപ്പിൾ പറയുന്നത്.
ഐഫോൺ 13, 14 എന്നിവ മാത്രമല്ല എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്സ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്. ശരീരത്തിൽ ഘടിപ്പിച്ച ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ഇവയ്ക്ക് കഴിവുണ്ടെന്ന് വെളിപ്പെട്ടത് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠന റിപ്പോർട്ടാണ്. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുള്ളത്. ആപ്പിൾ ഉപകരണങ്ങൾ സുരക്ഷിതമായ അകലത്തിൽ സൂക്ഷിക്കുക എന്നതാണ് ഇതിന് പരിഹാരമായി നിർദേശിച്ചിരിക്കുന്നത്.
ജീവൻ രക്ഷാ ഉപകരണങ്ങളെ സ്മാർട്ട് ഫോണുകൾ സ്വാധീനിക്കുമെന്ന മുന്നറിയിപ്പ് 2020 ഒക്ടോബറിലാണ് ആദ്യം വരുന്നത്. അന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഐഫോണിന്റെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഐഫോൺ 12ൽ ഉപയോഗിച്ച കാന്തങ്ങളും അതുണ്ടാക്കുന്ന കാന്തികമണ്ഡലത്തിന്റെ സ്വാധീനവും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്’ എന്നായിരുന്നു 2021ൽ ബ്രൗൺ സർവകലാശാലയിലെ ഡോ.മിഷേലെ വു പറഞ്ഞത്. കാന്തത്തിന്റെ കൂടി സഹായത്തിലാണ് സാധാരണ പേസ്മേക്കറുടെ പ്രവർത്തന സമയത്തെ നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ ഐഫോൺ പോലുള്ള ഉപകരണങ്ങൾ അടുത്തെത്തിയാൽ തന്നെ പേസ് മേക്കർ ഘടിപ്പിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യാൻ സാധ്യതയുണ്ട് ഇത് ജീവൻ വരെ അപായപ്പെടുത്താനിടയുണ്ട്.