‘അതാ ഒരു കടുവ മതിലിനു മുകളിലൂടെ നടന്നു പോകുന്നു’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പെരുവണ്ണാമൂഴിയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം; സത്യമോ കള്ളമോ? വീഡിയോ കാണാം
പെരുവണ്ണാമുഴി: പെരുവണ്ണാമുഴിയിലിറങ്ങിയ കടുവയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. പെരുവണ്ണാമുഴിയിലെ വിനീത് പരത്തിപ്പാറയുടെ വീട്ടിനു മുന്പില് കടുവയെ കണ്ടു, ഫോറസ്റ്റ് റേഞ്ചറും പരിവാരങ്ങളും അവിടെ എത്തിയിട്ടുണ്ട് കടുവയെ തെരഞ്ഞു കൊണ്ടിരിക്കുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പേ സേഷ്യല്‍ മീഡിയയില്‍ ലഭ്യമായ വീഡിയോ ആണ്. കടുവയുടേതെന്ന എന്ന രീതിയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പോസ്റ്റില്‍ പറയുന്നത് പോലെ കടുവയല്ല, മറിച്ച് വീഡിയോയിലുള്ളത് ഒരു പുലിയാണെന്ന് വ്യക്തമാണ്.
ഇന്നലെ ടാപ്പിങ് തൊഴിലാളികള്‍ പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടതായി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഫോറസ്റ്റ് അധീകൃതര്‍ പരിശോധന ശക്തമാക്കിയിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വട്ടക്കയം, എളങ്കാട് മേഖലയിലാണ് കടുവയെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞത്.
പുലര്‍ച്ചെ നാലരയോടെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവ കൃഷിഭൂമിയിലേക്ക് ഓടുന്നത് കണ്ടെന്നാണ് തൊഴിലാളികളുടെ മൊഴി. ഇതിനുശേഷം കൃഷിയിടങ്ങളില്‍ ചിലര്‍ കണ്ടതായിട്ടും പറയുന്നുണ്ട്. കടുവയുടേതിന് സമാനമായ കാല്പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
തിരച്ചിലില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായതായുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. കടുവയുടെ സാന്നിധ്യം ഉള്ളതായി എന്തെങ്കിലും സൂചന ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുംമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റിന്റെ നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ ബൈജു നന്ദു വ്യക്തമാക്കിയിരുന്നു.