ഇനി റേഷൻ കാർഡ് മസ്റ്ററിങ് മൊബൈലിലും ചെയ്യാം ; നവംബര്‍ 11 മുതല്‍ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബല്യത്തില്‍


തിരുവനന്തപുരം: റേഷന്‍കാര്‍ഡ് മസ്റ്ററിംങ് ഇനി മൊബെല്‍ വഴിയും ചെയ്യാം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ‘മേരാ കെവൈസി’ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്. നവംബര്‍ 11 മുതല്‍ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തില്‍ വരും. ഹൈദരാബാദ് എന്‍ഐസിയുടെ സഹായത്തോടെയാണ് അപ്പ് വികസിപ്പിച്ചത്.

നവംബര്‍ 30നുള്ളില്‍ മസ്റ്ററിംങ് പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഇതോടെ മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിങ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇ – കെവൈസി അപ്ഡേഷന്‍ നടത്താനാകും.

സംസ്ഥാനത്ത് 19,84,134 എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,686 പേരും (84.45 ശതമാനം) പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളില്‍ 1,12,73,363 പേരും (84.18 ശതമാനം) മസ്റ്ററിങ് പൂര്‍ത്തികരിച്ചു. മസ്റ്ററിങ് 30 വരെ തുടരും.
നവംബര്‍ അഞ്ചിന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിങ് നടപടികള്‍, ആറാം തീയതി മുതല്‍ ഐറിസ് സ്‌കാനര്‍ ഉപയോഗിച്ചു വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ അപ്ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ – പോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇ – കെവൈസി അപ്‌ഡേഷന്‍ താലൂക്കുകളില്‍ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.

Summary: ration card mustering can also be done on mobile;  November 11 mustering through the app