‘നാഷണല്‍ ഹൈവേ വിഷയത്തില്‍ അടിയന്തര പരിഹാരം വേണം’; തഹസില്‍ദാറെ ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി


കൊയിലാണ്ടി: ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം. കൊയിലാണ്ടി തഹസില്‍ദാറെ ഉപരോധിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്.

വിഷയത്തിൽ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കുവാനും പ്രദേശം സന്ദർശിക്കുന്നതിനും മണ്ഡലത്തിലെ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് തഹസിൽദാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാതയുമായി ബന്ധപ്പെട്ട യാത്രാക്ലേശവും അവിടെയുള്ള വെള്ളക്കെട്ടിനും പരിഹാരം വേണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടത് പ്രകാരം ഉടൻ അവിടെ ക്വോറിവേസ്റ്റ് നിക്ഷേപിച്ച് വിഷയം പരിഹരിക്കുമെന്നും തഹസിൽദാർ ഉറപ്പ് നൽകിയിട്ടുണ്ട്.

മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ കെ.കെ റിയാസ്, സമദ് നടേരി, ഫാസില്‍ നടേരി, പി.കെ മുഹമ്മദലി, സുനൈദ് ഏ.സി, ബാസിത്ത് കൊയിലാണ്ടി, സാലിം മുചുകുന്ന്, സലാം ഒടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.