കെഎം ഷാജി നാളെ കൊയിലാണ്ടിയില്‍ പ്രസംഗിക്കും: പരിപാടി വന്‍ വിജയമാക്കാന്‍ സർവ്വ സന്നാഹങ്ങളുമായി യൂത്ത് ലീഗ് പ്രവർത്തകർ


കൊയിലാണ്ടി: വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി  ‘യൂത്ത് മാര്‍ച്ചിന്’ നാളെ കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും.

നാളെ വൈകിട്ട് 3 മണിക്ക് നന്തിയില്‍ നിന്നാരംഭിച്ച് കൊയിലാണ്ടിയില്‍ സമാപിക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി സംസാരിക്കും. കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് നന്തിയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് കൊയിലാണ്ടിയില്‍ നടക്കുന്ന സമാപന സമ്മേളനം പി.കെ.കെ.ബാവ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ.കെ.എന്‍.എ.ഖാദര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ അഡ്വ. പി.കുല്‍സു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

യൂത്ത് മാര്‍ച്ചിന് മുന്നോടിയായി ശാഖാ-വാര്‍ഡ് സംഗമങ്ങള്‍, പഞ്ചായത്ത് പ്രതിനിധി സംഗമങ്ങള്‍, നിയോജകമണ്ഡലം യുവോത്സവം, വിദ്വേഷത്തിനെതിരെ മുഹബ്ബത്ത് കീ ബസാര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 21ന് കോഴിക്കോട് നടക്കുന്ന മഹാറാലിയോടെ ക്യാമ്പയിന്‍ സമാപിക്കും.