വന്ദേഭാരത് കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ


കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ആർ.പി.എഫ് അറിയിച്ചു.

ഇന്നലെ രാത്രി ഒമ്പതരയോടെ വന്ദേ ഭാരത് എക്സ്പ്രസ് പന്നിയങ്കര ഭാഗത്തെ റെയില്‍വേ പാളത്തിലൂടെ കടന്നുപോയപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. സംഭവം ലോക്കോ പൈലറ്റ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്തു. പിന്നാലെ ആർപിഎഫ് സംഘം സ്ഥലത്തെത്തി പരിശോധനയിൽ ആർ.കെ മിഷൻ സ്കൂളിന് സമീപം റെയില്‍വേ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയിരിക്കുന്നത് കണ്ടെത്തിയത്.

ആർപിഎഫിനെ കണ്ടതും സമീപത്തുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതില്‍ കല്ലായി സ്വദേശി നിഖിലിനെ ആർപിഎഫ് പിന്തുടർന്ന് പിടികൂടി. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർ റെയില്‍വേ ട്രാക്കിലിരുന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ആർപിഎഫ് പറഞ്ഞു.

റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ച്‌ കടന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനുമാണ് ആർപിഎഫ് കേസെടുത്തിരിക്കുന്നത്. നിഖിലിന്റെ പേരില്‍ ബേപ്പൂർ മാറാട് പൊലീസ് സ്റ്റേഷനുകളില്‍ ലഹരി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Summary: Loco pilot says he heard an unusual sound when Vande Bharat passed; Youth arrested for placing pebbles on tracks