ഇടിക്കൂട്ടില്‍ മികച്ച വിജയം നേടിയ കൊയിലാണ്ടിയിലെ ചുണക്കുട്ടന്മാര്‍; കേരള കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വാരിക്കൂട്ടിയത് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകള്‍
കൊയിലാണ്ടി: കിക്ക് ബോക്‌സിംഗില്‍ ചരിത്ര വിജയം സ്വന്തമാക്കി കൊയിലാണ്ടിയിലെ ചുണക്കുട്ടന്മാര്‍. കോഴിക്കോട് നടന്ന അഞ്ചാമത് കേരള കിക്ക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് കൊയിലാണ്ടിയിലെ ടൊര്‍ണാടോ ഫൈറ്റ് ക്ലബിലെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. പങ്കെടുത്ത എട്ടുപേരില്‍ ഏഴ് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ഗോള്‍ഡ്, സില്‍വര്‍ മെഡലിന് അര്‍ഹമായി. പരിക്ക് കാരണം കളിയില്‍ നിന്ന് എട്ടാമന്‍ പിന്മാറുകയായിരുന്നു. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലാണ് കുട്ടികള്‍ പങ്കെടുത്തത്. ഇവരില്‍ പലരും ദേശീയ തല മത്സരത്തിന് യോഗ്യത നേടിയെന്നത് വിജയത്തിന് മധുരം കൂട്ടുന്നു.
സീനിയര്‍ വിഭാഗത്തില്‍ ആകാശ് ഗോള്‍ഡ മെഡല്‍ സ്വന്തമാക്കി. നേരത്തെ മധ്യപ്രദേശില്‍ നടന്ന തേശീയ മത്സരത്തിലും ആകാശ് പങ്കെടുത്തിരുന്നു. ജൂനിയര്‍ വിഭാഗത്തില്‍ ഋഷികേശ്, ശ്രീരാജ് വി കെ, ഹരികൃഷ്ണന്‍ എന്നിവര്‍ ഗോള്‍ഡ് മെഡലും അതുല്‍ വി.എം സില്‍വറും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ആദിത്ത് രാജേഷ് ഗോള്‍ഡും ഭദ്രിനാദ് സില്‍വര്‍ മെഡലും നേടി. സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച അശ്വന്ത് പരിക്ക് കാരണം പിന്മാറുകയായിരുന്നു. ടൊര്‍ണാടോ ഫൈറ്റ് ക്ലബിലെ കോച്ചുമാരായ രാജ് മോഹന്‍ വി ആര്‍, സുരജ് പി കെ, രാജേഷ് റാം എന്നിവരുടെ ശിഷ്യണത്തിലാണ് കുട്ടികള്‍ പരിശീലനം നേടുന്നത്.
മികച്ച പ്രകടനമാണ് ക്ലബിലെ ഓരോ കുട്ടികളും കാഴ്ചവെക്കുന്നത്. ഇവരില്‍ പലരും ദേശീയ തല മത്സരങ്ങളിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് കോച്ച് സൂരജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുട്ടികളില്‍ ഭൂരിപക്ഷവും സാധാരണക്കാരുടെ മക്കളാണ്. ഓരോ മത്സരങ്ങള്‍ക്കും പോയി വരാന്‍ സാമ്പത്തികം ആവശ്യമാണ്. നിലവില്‍ കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍മാരില്ലെന്നും ആരെങ്കിലും മുന്നോട്ട് വന്നാല്‍ അത് കുട്ടികളുടെ മത്സരങ്ങള്‍ക്കും ഭാവിക്കും മുതല്‍കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.