‘ബൈക്ക് വാങ്ങാനായി കുടുംബ ശ്രീയിൽ നിന്നും പണം എടുത്തു നൽകി, എന്നിട്ടും മുഴുവൻ തുക നൽകാത്തതിന്റെ പേരിൽ പീഡനം തുടർന്നു’; കോടഞ്ചരിയില്‍ യുവതിയുടെ മരണത്തിൽ പരാതിയുമായി കുടുംബം


കോടഞ്ചേരി: ബൈക്ക് വാങ്ങാനായി പണം ആവശ്യപ്പെട്ട് സ്ത്രീധന പീഡനം, കോടഞ്ചരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിയുമായി കുടുംബം. സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് പരാതി. സമഗ്രാന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്സത്താണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഇരുപത് വയസായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹഫ്സത്തിനെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഓട്ടോഡ്രൈവറായ പുല്ലൂരാംപാറ ഷിഹാബുദ്ദീനാണ് ഹഫ്സത്തിന്റെ ഭര്‍ത്താവ്.

ബൈക്ക് വാങ്ങാനായി ഷിഹാബുദീൻ അൻപതിനായിരം രൂപ ചോദിച്ചുവെന്നും മുഴുവൻ തുക നൽകാനാവാഞ്ഞതിനെ തുടർന്നു കുടുംബ ശ്രീയിൽ നിന്നും കുടുംബശ്രീയിൽ നിന്നും ഇരുപത്തയ്യായിരം രൂപ വായ്പയെടുത്ത് നൽകിയിരുന്നുവെന്നും പിതാവ് പറഞ്ഞു. ഇയാളും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം മകള്‍ പലവട്ടം പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

2020 നവംബര്‍ 5നായിരുന്നു ഹഫ്സത്തിന്റെയും ഷിഹാബുദ്ദിന്റെയും വിവാഹം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.