ഓട്ടോറിക്ഷ അടിച്ച് തകര്‍ത്തു, വീട്ടമ്മയെ പട്ടാപ്പകല്‍ കയ്യേറ്റം ചെയ്തു, പൊലീസ് കസ്റ്റഡിയില്‍ ബോധം കെട്ട് ‘ഓസ്‌കാര്‍ അഭിനയ’വും; നാദാപുരത്ത് അരങ്ങേറിയ നാടകീയമായ സംഭവങ്ങള്‍


നാദാപുരം: ഓട്ടോ അടിച്ച് തകർത്തും വീട്ടമ്മയെ കൈയേറ്റം ചെയ്തും പട്ടാപ്പകൽ യുവാവിന്റെ പരാക്രമം. ഒടുവിൽ പോലീസ് സ്റ്റേഷനിൽ ബോധരഹിതനായി അഭിനയവും. നാദാപുരം സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള സമയത്ത് അക്രമാസക്തനായി എത്തിയ ഇരുപത്തിരണ്ടുകാരൻ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഓട്ടോ തകർക്കുകയും ജനൽ ഗ്ലാസുകൾ എറിഞ്ഞ് തകർക്കുകയും ചെയ്തു.

കൈയ്യേറ്റം ചെയ്യാൻ മുതിർന്നതോടെ ബഹളം വെച്ച വീട്ടമ്മയുടെ ശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യലിനിടെ അബോധാവസ്ഥയിലായ യുവാവിനെ കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡോക്ടർ ബോധ രാഹിത്യം പ്രതിയുടെ അഭിനയമാണെന്ന് കണ്ടെത്തി. യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

അയൽക്കാരിയായ സ്ത്രീയെയും അവരുടെ വീടുമാണ് യുവാവ് ആക്രമിച്ചത്. ഇരു വീട്ടുകാരും ഈ പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പിലെത്തുകയായിരുന്നു. അക്രമിയായ യുവാവ് മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നാണ് നാദാപുരം പൊലീസ് തരുന്ന വിവരം.