മഞ്ഞ കരടി മുതൽ പൂക്കൾ വരെ കണ്ട് മഞ്ഞ കിളികൾ ആസ്വദിച്ച് നടന്നു; പൊയിൽക്കാവ് യു.പി സ്കൂളിൽ നിറക്കൂട്ടത്തിൻ്റെ മഞ്ഞത്തിളക്കം (വീഡിയോ കാണാം)


പൊയിൽക്കാവ്: പൊയിൽക്കാവിൽ ഇന്നലെ മഞ്ഞ കിളികൾ മൂളി പാട്ടി പാടി നടന്നു, മഞ്ഞ കരടി മുതൽ മഞ്ഞ പൂക്കൾ വരെ ആസ്വദിച്ച് കൊണ്ട് . പൊയിൽക്കാവ് യു.പി സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ യെല്ലോ കളർഫെസ്റ്റിലാണ് കുട്ടികൾക്ക് കൗതുകകരമായ കാഴ്ചകൾ ഒരുങ്ങിയത്.

കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, പഴങ്ങൾ തുടങ്ങി മഞ്ഞ നിറത്തിലുള്ള നിരവധി വസ്തുക്കൾ കുട്ടികൾ പ്രദർശനത്തിന് വീട്ടിൽ നിന്ന് കൊണ്ടുവന്നു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വൈവിധ്യങ്ങളായ മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ സ്കൂൾ വരാന്തയിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിലായിരുന്നു മഞ്ഞത്തിളക്കം ഒരുക്കിയിരുന്നത്.

പ്രദർശന വസ്തുക്കൾ കൂടാതെ കുട്ടിപട്ടാളവും മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയതോടെ കളർ ഫെസ്റ്റിന് പത്തര മാറ്റ് മഞ്ഞ ത്തിളക്കം. പ്രാഥമിക വർണ്ണങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ കളർ ഫെസ്റ്റുകൾ ആരംഭിച്ചത്.

കുഞ്ഞുങ്ങളിൽ നിരീക്ഷണ പാടവം, നിറങ്ങളിലേയും ആകൃതികളിലേയും കൗതുകം, വർണ്ണ വീക്ഷണം എന്നിവ വികസിപ്പിക്കുന്നതിനാണ് കളർ ഫെസ്റ്റെന്ന് ചിത്രകലാധ്യാപകൻ സൂരജ്കുമാർ പറഞ്ഞു. പ്രധാനാധ്യാപിക രോഷ്നി ആർ അശംസ നേർന്നു.

വീഡിയോ കാണാം: