വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരം, സുബ്രതോ കപ്പ് അടക്കമുള്ള മത്സരങ്ങളില്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ടീമിന്റെ ഗോള്‍കീപ്പര്‍; വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി സ്വദേശി യദുലാലിന് സഹപാഠികളുടെയും നാടിന്റെയും അന്ത്യാഞ്ജലി


കൊയിലാണ്ടി: മാഹി പള്ളി പെരുന്നാള്‍ ആഘോഷം കാണാന്‍ സുഹൃത്തിനൊപ്പം പോയതാണ് യദുലാല്‍. പിന്നീട് വീട്ടുകാര്‍ അറിയുന്നത് ബൈക്ക് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന വിവരമാണ്. അപ്പോഴും അവന്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് യദു യാത്രയായി.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് യദു. സ്‌കൂളിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാള്‍. ഫുട്‌ബോളിന് ഏറെ ഇഷ്ടമുള്ള യദുലാല്‍ കൊയിലാണ്ടിയില്‍ നിന്നും ഏറെക്കാലമായി പരിശീലനം നേടുന്നുണ്ട്. സ്‌കൂളിലെ ഫുട്‌ബോള്‍ ടീമിലെ ഗോള്‍ കീപ്പറാണ്. കഴിഞ്ഞ സുബ്രതോ കപ്പില്‍ മത്സരത്തിലും ടീമിനൊപ്പം യദുലാല്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച വൈകുന്നേരം മാഹി പള്ളി പെരുന്നാൡനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ്. തലായ് സ്വദേശിയും സുഹൃത്തുമായ നിധീഷിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് ലോറിയിടിച്ചത്. നിധീഷ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യദു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചു. വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പുത്തന്‍ കടപ്പുറം ചെറിയ പുരയില്‍ ലാലു-ധന്യ ദമ്പതികളുടെ മകനാണ് യദുലാല്‍. സഹോദരി ദിയ ലാല്‍.