പന്തലായനി സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ്


കൊയിലാണ്ടി: പന്തലായനി സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ കോണ്‍ഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇരയായ ഉണ്ണിക്കൃഷ്ണനെയും കുടുംബത്തെയും പന്തലായനി വീട്ടില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമിക്കപ്പെട്ട കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ്. അതിക്രൂരമായ ആക്രമണമാണ് നടന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളി തോറോത്ത്, അരുൺ മണമൽ, ദുൽക്കിഫിൽ, ഷഹിൻ, അഡ്വ. പി.ടി. ഉമേന്ദ്രൻ, കെ. സുരേഷ് ബാബു, രാഖി പെരുവട്ടൂർ എന്നിവർ ഡി.സി.സി. പ്രസിഡണ്ടിനൊപ്പമുണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് പന്തലായനി സ്വദേശി ഉണ്ണിക്കൃഷ്ണനെ വീട്ടില്‍ക്കയറി ആക്രമിച്ചത്. വെള്ളിലാട്ട് മീത്തല്‍ അരുണും സംഘവുമാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.