ഒറ്റയ്ക്ക് കണ്ട ജാനകിക്കുട്ടി, കൂട്ടുകാരനൊപ്പം സിനിമ കണ്ട് കണ്ണ് നിറഞ്ഞത്…. അങ്ങനെ കൃഷ്ണ തിയ്യേറ്റര്‍ സമ്മാനിച്ച എത്രയെത്ര സിനിമാ ഓര്‍മ്മകള്‍!… ഗാനരചയിതാവ് നിധീഷ് നടേരി എഴുതുന്നു
നിധീഷ് നടേരി
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കാലത്താണ് ഒറ്റക്ക് ഒരു സിനിമ കാണാനിറങ്ങുന്നത്. കൊയിലാണ്ടി കൃഷ്ണയില്‍ അന്ന് ‘എന്ന് സ്വന്തം ജാനകിക്കുട്ടി’. എം.ടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് ജോമോള്‍ ടൈറ്റില്‍ റോളില്‍ വന്ന പടം.
ക്യൂവില്‍ സാമാന്യം നേരത്തെ ഇടം പിടിച്ച് ടിക്കറ്റിനുള്ള കാശ് ചില്ലറഒപ്പിച്ചത് ഒന്നു കൂടി തിട്ടപ്പെടുത്തി അങ്ങനെ നിന്നു. പരിചയകുറവുകള്‍ എവിടെയും നിഴലിക്കരുതെന്ന് സ്വയം ഓര്‍മ്മിപ്പിച്ചു. ഉച്ചവെയില് പുറത്ത് വേറെ ഒരു ഷോ നടത്തുന്നുണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഉള്ളില്‍ ഇത്തിരി പരിഭ്രമത്തോടെ ചെന്നിരുന്നു.
മുന്നിലത്തെ നിരയിലേക്ക് ഇരിക്കാന്‍ അതാ വരുന്നു ടീച്ചേഴ്‌സിന്റെ ഗ്രൂപ്പ്.
ജയജ ടീച്ചര്‍, ഗിരിജടീച്ചര്‍, ജ്വാലടീച്ചര്‍, ആശാലതടീച്ചര്‍…..
ഒറ്റനോക്കില്‍ തിയറ്ററിലെ മങ്ങിയ വെളിച്ചത്തില്‍ അവര്‍ എന്നെ ഒപ്പിയെടുത്തു.
എടാ…. ഒറ്റയ്‌ക്കോ…
ആഹാ.. വലിയ ആളായി അല്ലേ…
ചമ്മലും പരിഭ്രമവും ഒക്കെയായി ഭാവമെന്തെന്നറിയാത്ത അവസ്ഥയില്‍ ഞാന്‍. ടീച്ചേഴ്‌സ് അവരുടെ സംസാരങ്ങളിലേക്ക് ചാഞ്ഞിരുന്നു. സ്‌ക്രീന്‍ തെളിഞ്ഞു. സംസാരങ്ങളുടെ തിരകള്‍ അടങ്ങി.
എം.ടിയുടെ ജാനകിക്കുട്ടിയും മുത്തശ്ശിയും ശരത്തും.
കഥാപാത്രങ്ങളങ്ങിനെ കൃഷ്ണയുടെ സ്‌ക്രീനില്‍ നിരന്നു. പൂച്ചകണ്ണുകാരി ചഞ്ചല്‍ യക്ഷിയായി വന്നു.
അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാല്‍പ്പാമരം കൊണ്ട് കിളിവാതില്‍
പാര്‍വണപാല്‍മഴ പെയ്‌തൊഴിയും
കൈതപ്രത്തിന്റെ പാട്ടുകള്‍..
പടം കഴിഞ്ഞ്
ടീച്ചര്‍മാര്‍ ഇറങ്ങും മുന്‍പ് അവര്‍ക്കൊരു ചിരിയും സമ്മാനിച്ച് തിരക്കിട്ട് ഇറങ്ങി.
അച്ഛനൊപ്പം വടക്കന്‍ വീരഗാഥ കാണാന്‍ രണ്ടാംതരത്തില്‍ പഠിക്കുമ്പോള്‍ ചെന്നതും ഇതേ കൃഷ്ണയില്‍
മങ്ങിയ വെളിച്ചത്തില്‍ എരിവെട്ടങ്ങളുടെ നിറങ്ങള്‍ മാത്രമുള്ള സ്‌ക്രീന്‍ നോക്കി അവന്‍ കരഞ്ഞു.
രക്ഷയില്ലാതായപ്പോള്‍ അച്ഛന് പടം കാണാതെ ഇറങ്ങേണ്ടി വന്നു. അവനാണ് ഒറ്റക്ക് അതേ എം.ടിയുടെ ജാനകിക്കുട്ടിയെ കണ്ട് ഇറങ്ങുന്നത്.
ദൂരെ ….
കരളിലുരുകുമൊരു കദനകന്മദ ഗന്ധം..
പാട്ടൊഴുകി വന്ന കന്മദം കൃഷ്ണയില്‍ നിന്നാണ് കണ്ടത്..
അന്ന് ഇറങ്ങി കാവുംവട്ടത്തെ ജീപ്പ് സ്റ്റാന്‍ഡായ ബോയ്‌സ് സ്‌കൂള്‍ മതിലരിക് ചേര്‍ന്ന് നടന്ന് റെയില്‍വേ സ്റ്റേഷനരികിലുള്ള കാസറ്റ് കടയില്‍ പുതിയ കാസറ്റിലേക്ക് ചേര്‍ക്കാനുള്ള പാട്ടിന്റെ ലിസ്റ്റ് പുറത്തെടുത്തു.കുറച്ചു കൂടി എഴുതിച്ചേര്‍ത്തു.
ദൂരെ …കന്മദം
മൂവന്തിത്താഴ്വര- കന്മദം
മഞ്ഞക്കിളി- കന്മദം
തിരുവാതിര- കന്മദം
കാസറ്റ് എല്‍പ്പിച്ച് അഡ്വാന്‍സ് ചില്ലറ കൊടുത്ത് മനസില്‍ മൂവന്തിത്താഴ്വരയില്‍ പാടി തിരികെ നടന്നു.
ട്രാഫിക് എന്നൊരു പടം ചലച്ചിത്ര ശീലങ്ങളിലൊരു പുതുമയായ് നിറഞ്ഞപ്പോള്‍ കുറെ കാലത്തിനു ശേഷം സബിനും ജയേഷിനുമൊപ്പം ചേര്‍ന്നു കാണാനിരുന്നതും കൃഷ്ണയിലായിരുന്നു.
സബിനൊപ്പം കഥ പറയുമ്പോഴിലെ ക്ലൈമാക്‌സ് കണ്ട് കണ്ണ് നിറഞ്ഞത് കൃഷ്ണയില്‍ തന്നെ കൊയിലാണ്ടിയുടെ സിനിമാ സ്മൃതികളില്‍ വലിച്ചു നീര്‍ത്തിയ ആ തിരശീലമായുന്നു.
കൃഷ്ണ തിയറ്റര്‍ ഓര്‍മ്മയുടെ ചലച്ചിത്രമായി മാറുന്നു.