‘മരണമില്ലാത്ത സ്മരണകൾ’ മികച്ച ഹ്രസ്വ ചിത്രം, മികച്ച നടി നടന്മാരായി ശിവാനിയും അർജുനും; കുഞ്ഞിളം കെെകളിൽ മായാജാലം തീർത്ത് ചേമഞ്ചേരിയിലെ കുരുന്നുകൾ


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങളുടെ പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര പരിശീലന പദ്ധതിയുടെ ഭാ​ഗമായാണ് ചിത്രങ്ങൾ തയ്യാറാക്കിയത്.

പൂക്കാട് എഫ്എഫ് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ജി എം യു പി സ്കൂൾ കാപ്പാടിന്റെ മരണമില്ലാത്ത സ്മരണകൾ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. ചിത്രത്തിന് തിരക്കഥകൃത്ത് അനീഷ് അഞ്ജലി പുരസ്‌കാര വിതരണം ചെയ്തു. മികച്ച രണ്ടാമത്തെ ചിത്രമായി ചേമഞ്ചേരി ഈസ്റ്റ് യു പി സ്കൂളിന്റെ കതിവന്നൂർ വീരൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി, നടൻ എന്നിവർക്കുള്ള പുരസ്ക്കാരം കതിരന്നൂർ വിരനിലെ അഭിനയത്തിലൂടെ ശിവാനി ശിവപ്രകാശ്, അർജുൻ ടി പി എന്നിവർ സ്വന്തമാക്കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീല എം, സെക്രട്ടറി അനിൽകുമാർ ടി, തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അതുല്യ ബൈജു സ്വാഗതവും നിർവ്വഹണോദ്യോഗസ്ഥൻ അരവിന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.