മെഡിക്കൽ കോളേജിലേക്ക് ‘പറക്കുന്നതിനിടയിൽ’ യുവതിക്ക് വേദന കൂടി; ഒടുവിൽ ആംബുലൻസ് പ്രസവമുറിയായി; കൊയിലാണ്ടിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു


കൊയിലാണ്ടി: ‘എത്രയും പെട്ടന്ന് മെഡിക്കൽ കോളേജിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, എന്നാൽ യാത്രാമധ്യേ തന്നെ യുവതിക്ക് പ്രസവ വേദന കൂടി’, ഒടുവിൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിൽ 108 ആംബുലൻസിൽ യുവതി പ്രസവിച്ചു. കുറുവങ്ങാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് ഇന്ന് 108 ജീവനക്കാരുടെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകിയത്.

‘പുലർച്ചെ അഞ്ചുമണിയോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് കണ്ട്രോൾ റൂമിലേക്ക് വിളി വരുന്നത്, ഉടനെ തന്നെ അവിടെ നിന്ന് ഞങ്ങൾക്ക് കോൾ എത്തി, ഗർഭിണിയായ യുവതിയെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിട്ടുണ്ട്, ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോവുക എന്നതായിരുന്നു ഞങ്ങൾക്ക് ലഭിച്ച സന്ദേശം’ ആംബുലൻസ് പൈലറ്റ് സുനിൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ആംബുലൻസ് മെഡിക്കൽ എമർജൻസി ടെക്‌നിഷ്യൻ വിഷ്ണു പ്രസാദും ആംബുലൻസ് പൈലറ്റ് സുനിലും ഉടനെ തന്നെ യുവതിയുമായി മെഡിക്കൽ കോളേജിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ ബൈപ്പാസിന് സമീപമെത്തിയപ്പോഴേക്കും യുവതിക്ക് വേദന കൂടുകയും തുടർന്ന് ആംബുലൻസ് ടെക്‌നീഷ്യന്റെ പരിചരണത്തിൽ അഞ്ചരയോടെ യുവതി കുഞ്ഞിന് ജന്മം നൽകി. ആരോഗ്യവാനായ ഒരു ആൺകുട്ടി.

തുടർന്ന് വാഹനം ഒതുക്കിയിട്ട് ബാക്കി കാര്യങ്ങൾ ചെയ്യുകയായിരുന്നു. ആംബുലൻസിൽ അടിയന്തര സാഹചര്യത്തിന് വേണ്ട എല്ലാ കിറ്റുകളും ഉണ്ടായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. ഇവരോടൊപ്പം സഹായത്തിനായി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നഴ്സിംഗ് അസിസ്റ്റന്റ് ഷൈമയും ഉണ്ടായിരുന്നതായി കൂട്ടിച്ചേർത്തു.

‘നിരവധി തവണ എമർജൻസി കേസുകളുമായി പോയിട്ടുണ്ടെങ്കിലും ആംബുലൻസിനുള്ളിൽ പ്രസവം നടക്കുന്നത് തന്റെ ആദ്യത്തെ അനുഭവമാണെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രഥമ ശുശ്രുഷയ്ക്കു ശേഷം അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ആംബുലൻസ് വീണ്ടും കുതിച്ചു, മെഡിക്കൽ കോളേജിൽ സുരക്ഷിതമായി എത്തിക്കാൻ.

summary: woman gave birth in an ambulance on her way to the hospital