കൃഷിയിടത്തിലിറങ്ങുന്നത് പതിവ്, നാല് ടീമുകളായി രാത്രിമുഴുവൻ തിരച്ചിൽ; കോടഞ്ചേരിയിൽ കൃഷിനശിപ്പിക്കുന്ന രണ്ട് കാട്ടുപന്നികളെ കൊന്നു


കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങളിലെത്തി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശീയരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ തിരച്ചിലിൽ രണ്ട് കാട്ടുപന്നികളെയാണ് കൊന്നത്. രാത്രി മുഴുവൻ നാലു ടീമുകളായി നടത്തിയ തിരച്ചിലിലാണ് പന്നിയെ കണ്ടെത്താൻ സാധിച്ചത്.

കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികൾക്കായി തിരച്ചിലുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആളുകൾ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് നാലു ടീമുകളായി തിരച്ചിൽ നടത്തിയത്. ഗൺമാൻമാരായ തങ്കച്ചൻ കുന്നുംപുറത്ത്, ജോർജുകുട്ടി ജോസഫ്, ജോയ് വെട്ടർകുഴി, വില്യംസ് അമ്പാട്ട്, വിൽസൺ ഇ.ജെ, സെബാസ്റ്റ്യൻ, റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ബാലൻ, സിബി മാവോക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, തോമസ് എ.വി, സാബു ജോസഫ്, ബിജു വള്ളിക്കാട്ടിൽ, ഡെന്നിഷ് ബെന്നി കപ്യാരി മലയിൽ എന്നിവർ നേതൃത്വം നൽകി.

സാധാരണ ഗതിയിൽ ഓരോ ആളുകൾ ഒറ്റയ്ക്ക് തിരച്ചിൽ നടത്തുന്നതിൽ നിന്നും വിഭിന്നമായി ഒരു കൂട്ടായ്മയിൽ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയത് കൂടുതൽ കാര്യക്ഷമമാണെന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Summary: Two wild boars were killed in Kodancheri