ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടെന്ന് ദൃക്സാക്ഷികൾ, അപകടം പുറത്തറിഞ്ഞത് രാത്രി 7.45 ന്; താനൂരിലേത് വിളിച്ച് വരുത്തിയ അപകടമെന്ന് ആരോപണം
മലപ്പുറം: അവധി ദിനം ആഘോഷമാക്കാൻ നിരവധി പേരാണ് ഇന്നലെ കടപ്പുറത്തെത്തിയത്. ഏറെ ആകർഷകമായ ബോട്ട് സഫാരി നടത്തിയാണ് പലരും മടങ്ങിയത്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം എത്തിയരാണ് അറ്റ്‌ലാന്റിക് ബോട്ടിലും കയറിയത്. എന്നാൽ താങ്ങാവുന്നതിലും അധികം ആളുകളെ കയറ്റിയതും മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതും ഇരുപത്തിരണ്ട് പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ അപകടത്തിലേക്ക് നയിച്ചു. വിളിച്ച് വരുത്തിയ അപകടമാണ് താനൂരിലേതെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.
വൈകിട്ട് അഞ്ച് മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ അഞ്ച് മണിക്കു ശേഷമാണ് താനൂരിൽ അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
രാത്രി 7.45നാണ് നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത്. വള്ളംകളി നടക്കുന്ന തൂവൽതീരത്തിനു സമീപത്തെ പൂരപ്പുഴയിലായിരുന്നു ദുരന്തം. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു. അപകടം സംഭവിച്ച ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടായിരുന്നതായി തീരത്തുള്ള ദൃക്സാക്ഷികൾ പറയുന്നു.
ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ചു പേർ പുഴയിലേക്കു ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്. അതിന്റെ പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോൾ ബോട്ട് തലകീഴായ് മറഞ്ഞതാകാമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട ബോട്ടിന് രണ്ടു തട്ടുകളുണ്ട്. ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേർ അതിനുള്ളിൽപ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. രണ്ട് മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
കേരളത്തെ കണ്ണീര്‍ കടലില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും ഉള്‍പ്പെടും. അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്‌സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും.