വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന് പൊലീസ് സഹായത്തില്‍ പയ്യോളിയില്‍ ജപ്തി നടപടി; കുടിയിറക്കിയിട്ടും വീട്ടുവരാന്തയില്‍ അഭയം തേടി കുടുംബം, പയ്യോളി അര്‍ബന്‍ ബാങ്കിന്റേത് മനുഷ്യത്വരഹിത നടപടിയെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
പയ്യോളി: തച്ചന്‍കുന്നില്‍ വീട് ജപ്തി ചെയ്ത് നിരാലംബരായ കുടുംബത്തെ കുടിയിറക്കി പയ്യോളി കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്. കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹായത്തോടെയാണ് ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആശാരിയുടെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്ന ഇവര്‍ കുടുംബത്തെ പുറത്തിറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
ഇന്ന് രാവിലെയാണ് തച്ചന്‍കുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പയ്യോളി അര്‍ബന്‍ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്തതാണ് തച്ചന്‍കുന്ന് സ്വദേശി ആണിയത്തൂര്‍ നൗഷാദ്. കുറച്ചുകാലം വായ്പ കൃത്യമായി തിരിച്ചടച്ചെങ്കിലും കോവിഡും മറ്റുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികാരണം തിരിച്ചടവ് മുടങ്ങി. നൗഷാദിന് ക്ഷയരോഗവും പിടിപെട്ടിരുന്നു. ആറേകാല്‍ ലക്ഷം രൂപയാണ് ഇപ്പോള്‍ ബാങ്കിന് കുടിശ്ശികയായിട്ടുള്ളത്. ഇതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ജപ്തി ഒഴിവാക്കാനായി പ്രദേശത്തെ മഹല്ല് കമ്മിറ്റി പ്രവര്‍ത്തകരും സര്‍ഫഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും രണ്ടാഴ്ച മുമ്പ് ബാങ്കിനെ സമീപിച്ചിരുന്നതായി പ്രതിഷേധ രംഗത്തുണ്ടായിരുന്ന കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ കുനിയില്‍ വേണുഗോപാലന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കോടതിയുടെ നിര്‍ദേശത്തില്‍ ജപ്തി നടപടികള്‍ക്കായി അഡ്വക്കറ്റ് കമ്മീഷണറെ വെച്ചിരിക്കുകയാണെന്നും പതിനാലാം തിയ്യതി അവര്‍ വീട്ടിലെത്തുമെന്നും അവരുമായി സംസാരിച്ച് സമയം നീട്ടിവാങ്ങാമെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഇതനുസരിച്ചാണ് ഇന്ന് തങ്ങള്‍ വീട്ടിലെത്തിയത്. എന്നാല്‍ ഏറെ മനുഷ്യത്വ രഹിതമായ സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്.
അഡ്വ.കമ്മീഷനെത്തുംമുമ്പ് വീട്ടുകാര്‍ വാതിലടച്ച് അകത്തിരിക്കുകയായിരുന്നു. സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകര്‍ കമ്മീഷനെ തടഞ്ഞു. വാതില്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തു. ഇതോടെ കമ്മീഷന്‍ പൊലീസ് സഹായം തേടുകയും വീടിന്റെ പിന്‍ഭാഗത്തെ ലോക്ക് പൊട്ടിച്ച് അകത്തുകടക്കുകയുമായിരുന്നു.
ഭാര്യയും പ്രായമായ ഉമ്മയും വിദ്യാര്‍ഥികളായ മക്കളുമടങ്ങിയ നൗഷാദിന്റെ കുടുംബം സമയം നീട്ടിനല്‍കണമെന്ന് കേണപേക്ഷിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഇവരെ പുറത്തിറക്കി വാതില്‍ ലോക്ക് ചെയ്ത് നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
ബാങ്കിന്റെ ബാധ്യത എഴുതിതള്ളണമെന്നല്ല മറിച്ച് കുറച്ചുകൂടി സാവകാശം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും വേണു പറയുന്നു. ഇതിനായി ധനസമാഹരണം നടത്താനുള്ള പദ്ധതിയുണ്ടായിരുന്നു. നേരത്തെ ബാങ്ക് അധികൃതര്‍ പതിനാലാം തിയ്യതി ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ശനമായി പറഞ്ഞിരുന്നെങ്കില്‍ കുറച്ചുതുകയെങ്കിലും അടച്ച് സാവകാശം ആവശ്യപ്പെടുമായിരുന്നെന്നും ഇവര്‍ പറയുന്നു. ജപ്തിചെയ്ത വീടിനുമുമ്പില്‍ കഴിയുകയാണ് നൗഷാദും കുടുംബവുമിന്ന്.
Summary: With the help of the police, the back door of the house was forcibly opened and the confiscation process was carried out in Payyoli