‘കിണറ്റിലെ വെള്ളം എല്ലാം മലിനമായി, കുടിക്കണോ കുളിക്കാനോ ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ’; ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടി
കൊയിലാണ്ടി: ‘എൺപതോളം വീടുകളിലെ കുടിവെള്ളമാണ് മുട്ടിയത്, കുടിക്കാനോ, കുളിക്കാനോ, പാചകം ചെയ്യാനോ ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ മലിനം, ഇതിനൊരു പരിഹാരം കണ്ടെത്താതെ നീണ്ടുപോയാൽ ഞങ്ങൾ എന്താണ് ചെയ്യുക’, വായനാരിത്തോടിന് സമീപം ജനങ്ങൾ ചോദിക്കുകയാണ്. കൊയിലാണ്ടി നഗരസഭയ്ക്കു സമീപമുള്ള വായനാരിത്തോട്ടിലെ ഒഴുക്ക് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തോടെ നിലച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ വായനാരിത്തോടിന് സമീപത്തെ വീടുകളിലെ കിണർവെള്ളം കലങ്ങി ഉപയോഗ ശൂന്യമാവുകയായിരുന്നു.
കൊയിലാണ്ടി മുൻസിപ്പാലിറ്റി മുപ്പത്തിരണ്ടാവാർഡിൽ മണമൽ വായനാരി തോട് ക്രോസ് ചെയ്യുന്ന സ്ഥലത്ത് ബൈപ്പാസ് കടന്ന് പോകുന്ന സമീപത്ത് എൺപതോളം വീടുകളിലെ കിണർ വെള്ളമാണ് മലിനമായിരിക്കുന്നത്. റോഡ് നിർമ്മാണത്തോടെ വെള്ളം കുടി മുട്ടിയ അവസ്ഥയിലാണ് പ്രദേശവാസികൾ. ‘നിരന്തരമായി ‘അധികൃതരോട് ആവശ്യപ്പെട്ടപ്പോഴും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് പ്രഭാത് റസിഡൻ്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
മാധ്യമങ്ങളിൽ വാർത്തയാക്കിയതോടെ ബൈപ്പാസ് അധികൃതർ എത്തി വായനാരി തോട്ടിലേക്ക് ചെറിയ പൈപ്പ് കൊണ്ട് വന്ന് ഇട്ടുവെങ്കിലും വേണ്ടത്ര വലുപ്പമില്ലാത്ത പൈപ്പ് ആയതിനാലും ആഴത്തിൽ പൈപ്പ് ഇടാത്തതിനാൽ ഇപ്പോഴും കെട്ടി നിൽക്കുന്ന മലിനജലം ഒഴുകുന്നില്ല അതിനാൽ അടിയന്തിര മാ യി പൈപ്പ മാറ്റി വെള്ളത്തിൻ്റെ ലെവൽ നോക്കി ആഴത്തിൽ ഇടണമെന്ന് റസിഡൻ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എം.എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി അശോകൻ, എസ് തേജ ചന്ദ്രൽ, സി.കെ.ജയദേവൻ, ടി.കെ.മോഹനൻ, സീ.കെ റീന, അനിതാ ശരി, ജഗദീഷ്, രോഷൻ സി.കെ തുടങ്ങിയവർ പ്രസംഗിച്ചു.