‘വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം’ പദ്ധതിക്ക് കോട്ടൂര്‍ എ.യു.പി. സ്‌കൂളില്‍ തുടക്കമായി
നടുവണ്ണൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം’ പദ്ധതിക്ക് കോട്ടൂര്‍ എ.യു.പി. സ്‌കൂളില്‍ തുടക്കമായി. കുന്നരം വള്ളി പെരുവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങള്‍ക്ക് ആസ്വാദന കുറിപ്പ് എഴുതി സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാം. ഒരു കുട്ടിക്ക് എത്ര ആസ്വാദന കുറിപ്പുകള്‍ വേണമെങ്കിലും എഴുതാം. എല്ലാ മാസവും ഒന്നാം തീയതി സ്‌കൂളില്‍ എത്തുന്ന വായനശാല പ്രവര്‍ത്തകര്‍ ആസ്വാദന കുറിപ്പുകള്‍ ശേഖരിച്ച് വിലയിരുത്തല്‍ നടത്തി മികച്ച ആസ്വാദന കുതിപ്പിന് ക്യാഷ് പ്രൈസ് നല്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സ്‌കൂളില്‍ സ്ഥാപിക്കുവാനുള്ള എഴുത്തുപെട്ടി വായനശാല സെക്രട്ടറി ഇ.ഗോവിന്ദന്‍ നമ്പീശനില്‍ നിന്നും വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ശിഖാ സുധീഷ്, സ്‌കൂള്‍ ലീഡര്‍ ആനിയ എന്നിവര്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ കെ.സദാനന്ദന്‍, പ്രധാനാദ്ധ്യാപിക ശ്രീജ ആര്‍, സ്‌കൂള്‍ വിദ്യാരംഗം കോഡിനേറ്റര്‍ ജിതേഷ്. എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.