കൊയിലാണ്ടി സ്‌റ്റേഡിയം സര്‍ക്കാര്‍ നഗരസഭയ്ക്ക് കൈമാറുമോ ? പ്രതീക്ഷയോടെ കായികപ്രേമികള്‍
കൊയിലാണ്ടി: റവന്യൂ വകുപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 25 വര്‍ഷത്തേക്ക് കൈമാറിയ കൊയിലാണ്ടി സ്‌റ്റേഡിയം കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നഗരസഭയ്ക്ക് കൈമാറണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ അജിത്ത് അവതരിപ്പിച്ച പ്രമേയത്തെ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിജു പിന്താങ്ങി. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ചു.
1998 ഡിസംബര്‍ 17നാണ് 3.46 ഏക്കര്‍ വരുന്ന കൊയിലാണ്ടി സ്‌റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 25 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തത്. കാലാനുസൃതമായ വികസന പ്രവര്‍ത്തനം നടത്തി മികച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയമായി മൈതാനത്തെ ഉയര്‍ത്തുകയെന്ന കാഴ്ചപ്പാടോടെയായിരുന്നു ഇത്.
എന്നാല്‍ സ്‌റ്റേഡിയവും കടമുറികളും നിര്‍മ്മിച്ച് കടമുറികള്‍ വാടകയ്ക്ക് നല്‍കി വാടകയിനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്നതല്ലാതെ കൊയിലാണ്ടിയിലെ കായിക രംഗത്തെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടില്ല.
ഫുട്‌ബോള്‍ പരിശീലനത്തിന് ആധുനിക സൗകര്യമുള്ള സ്‌റ്റേഡിയം ഇവിടെയില്ല. മൈതാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാര്യക്ഷമമായ ഡ്രൈനേജ് സംവിധാനവുമില്ല. നിലവിലുള്ള ഡ്രൈനേജില്‍ തന്നെ മണ്ണും ചളിയും മൂടിക്കിടന്ന് കാലങ്ങളായി അടഞ്ഞുകിടന്നിട്ടും അവ നീക്കാനുള്ള നടപടി പോലുമുണ്ടാവുന്നില്ല.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്ത് കാലങ്ങളായിട്ടും സ്‌റ്റേഡിയത്തിന് മതിയായ വികസന പ്രവര്‍ത്തനങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ ഇനിയും പാട്ടക്കരാര്‍ പുതുക്കി നല്‍കാതെ റവന്യൂവകുപ്പ് സ്റ്റേഡിയം നഗരസഭയ്ക്ക് നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും കായികപരിശീലനത്തിനായി സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ നിലവിലില്ല. അതിനാല്‍ സ്‌റ്റേഡിയം ഏറ്റെടുത്ത് കായിക താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും വിധം വികസന പദ്ധതികള്‍ കൊണ്ട് വന്ന് സംരക്ഷിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
2019ല്‍ ഭൂമിയുടെ വില പുതുക്കിക്കൊണ്ട് റവന്യു ഉത്തരവ് പുറപ്പെടുവിക്കുകയും അധികതുക അടയ്ക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നോട്ടീസ് കൊടുക്കുകയും ചെയിതിരുന്നു. തുടര്‍ന്ന് കൂടുതല്‍ തുക അടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കുന്നതിനാല്‍ വിഷയത്തില്‍ 17ന് മുമ്പ് തീരുമാനമെടുക്കേണ്ടതുണ്ട്.
സ്‌റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിലെ കായിക പ്രേമികള്‍ നവകേരള സദസില്‍ നിവേദനം നല്‍കിയിരുന്നു. രാവിലെയും വൈകുന്നരേവുമായി അഞ്ഞൂറിലധികം കുട്ടികളാണ് ഇവിടെ പരിശീലനത്തിന് എത്തുന്നത്. സ്‌റ്റേഡിയം നഗരസഭയുടെ കീഴിലായാല്‍ കൊയിലാണ്ടിയിലെ കായിക മേഖലയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് കായിക പ്രേമികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ നഗരസഭാ പ്രമേയം സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിയിലെ കായികപ്രേമികള്‍.