കൂരാച്ചുണ്ടില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത്; ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടുപോത്തിന്റെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ രാത്രി തന്നെ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെ കൂരാച്ചുണ്ട് ടൗണില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ വീട്ടുമുറ്റത്ത് കാട്ടുപോത്ത് എത്തിയിരുന്നു. പ്രദേശവാസികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കാട്ടുപോത്തിന്റെ സാന്നിധ്യം പ്രദേശവാസികളില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്. സമീപത്തെ സ്‌കൂളിനടക്കം ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.
കൂടാതെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളായ തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.