കാട്ടുപോത്ത് ആക്രമണം; കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു, കാട്ടുപോത്തിനെ തുരത്താന്‍ വനം വകുപ്പിന്റെ പ്രത്യേക സംഘം


Advertisement

കക്കയം: കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ സഞ്ചാരികള്‍ക്കു നേരെ കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് സമീപത്തായുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

Advertisement

സഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഞായറാഴ്ച്ച എത്തും. കക്കയം ഡാം സൈറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. ഡാം സന്ദര്‍ശിക്കാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്.

Advertisement

എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാണ്(32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നീതുവിന് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇവര്‍ക്ക് വാരിയെല്ലിനും തലയ്ക്കുമാണ് പരുക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരും അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

Advertisement

കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ശേഷം ഡാം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. കുട്ടികളുടെ പാര്‍ക്കിന് സമീപത്തായി എത്തിയ ഇവരെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു.