കാട്ടുതേനീച്ചയുടെ ആക്രമണം; അയനിക്കാട് അഞ്ച് പേര്‍ക്ക് കുത്തേറ്റു


പയ്യോളി: അയനിക്കാട് മഠത്തില്‍ മുക്കിനു സമീപം കാട്ട് തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കേ ചാത്തങ്ങാടി റിയാസി(41) നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.

കുളങ്ങരത്ത് താഴ ചാത്തപ്പന്‍(70), മകന്‍ വിനോദന്‍ (51), വിനോദിന്റെ മകന്‍ ദേവദര്‍ശ് (15), റിയാസിന്റെ മകന്‍ ഫാസില്‍ (16) എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ മറ്റു നാലുപേര്‍. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി.

ഞായര്‍ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൊളങ്ങരത്ത് താഴ ചാത്തപ്പന്റെ സ്ഥലത്ത് തേങ്ങ പൊളിക്കാന്‍ എത്തിയതായിരുന്നു റിയാസ്. ബാപ്പയെ സഹായിക്കാന്‍ മകന്‍ ഫാസിലും കൂടെയുണ്ടായിരുന്നു. പൊളിച്ച തേങ്ങ എടുത്തുകൊണ്ടുപോകുന്ന ജോലിയിലേര്‍പ്പെട്ടതായിരുന്നു ചാത്തപ്പനും കുടുംബവും ഈ സമയത്താണ് പ്രകോപനമില്ലാതെ എങ്ങു നിന്നോ കൂട്ടത്തോടെ പറന്നുവന്ന ഈച്ചകള്‍ അഞ്ചു പേരെയും ആക്രമിച്ചത്.

ബഹളംവച്ച് ഓടി രക്ഷപ്പെട്ട ഇവരെ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലര്‍ സി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു.