ചേമഞ്ചേരിയില്‍ പരക്കെ മോഷണം; കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ക്കൂടാതെ മൂന്ന് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലും മോഷണം


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്പലങ്ങളില്‍ പരക്കെ മോഷണം. ചേലിയ, പൂക്കാട്, തിരുവങ്ങൂര്‍ എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്ന് രാവിലെയാടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണമായിരുന്നു.

ഇവിടെ കൂടാതെ സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നതായാണ് വിവരം. ക്ഷേത്രങ്ങള്‍ കൂടാതെ ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരിപ്പ് കട എന്നിവിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്. പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിലാണ് മോഷണം. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്. കൂടാതെ ഓഫീസ് കുത്തിത്തുറന്ന് മൊബൈല്‍ഫോണും മോഷ്ടിച്ചിട്ടുണ്ട്. കവാടത്തിന് അരികിലത്തെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിക്കാനുള്ള ശ്രമവുംനടന്നിട്ടുണ്ട്.

സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. തിരുവങ്ങൂര്‍ നരസിംഹക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരവും, ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലെ നാല് ഭണ്ഡാരവും കുത്തിതുറന്ന നിലയിലാണുള്ളത്.

കൂടാതെചേലിയയിലെ കോഴിക്കടയുടെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.മറ്റിടങ്ങളില്‍ നടന്ന മോഷണത്തില്‍ നഷ്ടമായതിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി വരികയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.