കോവിഡ് വേട്ട അവസാനിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന; പുതിയ വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് മുന്നറിയിപ്പ്


വാഷിങ്ടണ്‍: കോവിഡ് വേട്ട അവസാനിപ്പിച്ചിട്ടില്ലെന്നും ഇനിയും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇപ്പോഴും ലോകത്തുണ്ടാവുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. എന്നാല്‍ ചൈനയിലെ ഷാങ്ഹായി പോലുള്ള നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് മൂലം മാര്‍ച്ച് മാസത്തില്‍ ചില രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതര്‍ അറിയിച്ചു.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണ് കൂടുതല്‍ ആളുകള്‍ക്ക് ബാധിക്കുന്നത്. ഒമിക്രോണ്‍ വേരിയന്റിന്റെ ഉപവകഭേദങ്ങളായ BA.1, BA.2, BA.3 നിലവിലുണ്ട്. ഇതിനൊപ്പം BA.4, BA.5 എന്നീ ഉപവകഭേദങ്ങളും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം BA.1, B-A.2 എന്നിവ കൂടിച്ചേര്‍ന്ന് എക്‌സ്.ഇ വകഭേദവും കാണുന്നുണ്ട്. പുതിയ കൊറോണവൈറസ് വകഭേദങ്ങളുടെ പ്രത്യേകതകള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.