സ്‌റ്റോപ്പിന് അല്പം മുന്നിലായി മെല്ലെ നിര്‍ത്തും, വിദ്യാര്‍ഥികള്‍ കയറാനായി ഓടുമ്പോള്‍ വീണ്ടും കുതിക്കും; നന്തിയില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന ദീര്‍ഘദൂര ബസുകള്‍ക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
നന്തി ബസാര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന ദീര്‍ഘദൂര ബസുകള്‍ക്കെതിരെ നന്തിയില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതെ നന്തി മേല്‍പ്പാലത്തില്‍ ആളെ ഇറക്കി ബസുകള്‍ പോകുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തുവന്നത്.
ലിമിറ്റഡ് സ്റ്റോപ് ബസ്സുകള്‍ നന്തി ബസ് സ്‌റ്റോപ്പിനരികിലെത്തുമ്പോള്‍ വേഗത നന്നായി കുറയ്ക്കും. ഇതുകണ്ട് ബസ് നിര്‍ത്തുന്നതാണെന്ന് കരുതി വിദ്യാര്‍ഥികള്‍ പിറകേ പോകും. അതോടെ ബസ് നന്നായി വേഗത കൂട്ടി മേല്‍പ്പാലത്തില്‍ നിര്‍ത്തി ആളെ ഇറക്കി പോകുന്നതാണ് രീതിയെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
യഥാര്‍ത്ഥ സ്ഥാനത്ത് ബസ് നിര്‍ത്താത്തതിനാല്‍ ഓടിക്കയറിയ വിദ്യാര്‍ത്ഥി ബസ്സില്‍ നിന്നും വീണ് അപകടം സംഭവിച്ചിരുന്നു. തുടര്‍ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുവാന്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പകല്‍ സമയം നന്തി ബസ്സ് സ്റ്റോപ്പില്‍ ബസ്സുകള്‍ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍ കയറിയെന്ന് ഉറപ്പുവരുത്തുമെന്ന് നന്തി മേഖല സെക്രട്ടറി നിയാസ് പി.വി. അറിയിച്ചു.