വാട്‌സ്ആപ്പ് അപ്‌ഡേറ്റുകളില്‍ ഒരു കണ്ണ് വേണം! ഓഡിയോ സന്ദേശങ്ങളെ ടെക്‌സറ്റിലേക്ക് മാറ്റുന്ന ഫീച്ചര്‍ ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്


ദൈര്‍ഘ്യമേറിയ ഓഡിയോ സന്ദേശം വാട്‌സ്ആപ്പില്‍ കേള്‍ക്കാന്‍ പലരും അത്ര താല്‍പര്യം കാണിക്കാറില്ല. പ്രത്യേകിച്ച് യാത്രയ്ക്കിടയിലും മറ്റും ആണെങ്കില്‍ ഇയര്‍ഫോണില്ലാതെ കേള്‍ക്കാനും പറ്റില്ല. എന്നാല്‍ ഇനി ഇത്തരം ബുദ്ധിമുട്ടുകള്‍ വേണ്ട. ഓഡിയോ സന്ദേശങ്ങളെ ടെക്സ്റ്റിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാടസ്ആപ്പ്.

ഓഡിയോ സന്ദേശത്തില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് ടെക്സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്നതാണ് സംവിധാനം. 2021 സെപ്റ്റംബര്‍ മുതല്‍ വാട്‌സ്ആപ്പ് ഈ ഫീച്ചറിന്റെ പിറകിലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണിന്റെ പുതിയ വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ട്.

ട്രാന്‍സ്‌ക്രിപ്ഷന്‍ സേവനം ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കും. എന്നിരുന്നാലും, വോയ്സ് സന്ദേശങ്ങള്‍ ടെക്സ്റ്റ് ആക്കി മാറ്റുന്നതിന് ഉപയോക്താവ് ആദ്യം ഭാഷ സ്വമേധയാ തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രസക്തമായ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഈ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ എല്ലായ്പ്പോഴും ഉപകരണത്തില്‍ പ്രാദേശികമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധികുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്ട്സ്ആപ്പ് എപ്പോള്‍ ഓഡിയോ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കൃത്യമായ സൂചനകളൊന്നുമില്ല. ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ പുതിയ അപ്‌ഡേറ്റുകളില്‍ ഒരു കണ്ണ് വേണം.

Summary: whatsapp update new feature changing audio to text in chat