വാട്സ്ആപ്പ് ചാറ്റിൽ സുഹൃത്തിന് അയക്കുന്ന ഫോട്ടോ സേവ് ആകുന്നത് തടയാം; ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ വരുന്നു
വാട്സാപ്പിൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി എന്ന പുതിയ ഫീച്ചർ വരുന്നു. ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ നിങ്ങൾ അയക്കുന്ന മീഡിയ ഫയലുകൾ സ്വീകർത്താവിന്റെ ഫോണിൽ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഈ ഫീച്ചർ സജീവമാക്കിയാൽ, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാർക്കും എക്സ്പോർട്ട് ചെയ്തെടുക്കാനും കഴിയില്ല. വാട്സ്ആപ്പിന്റെ ഐഒഎസ് വേർഷനിലെ ചാറ്റുകളുടെ സ്വകാര്യത വർധിപ്പിക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താൽ, നിങ്ങൾ അയച്ച മീഡിയ ഫയലുകൾ സ്വീകർത്താവിന് അവരുടെ ഫോണിൽ സേവ് ചെയ്യാൻ സാധിക്കില്ല. മീഡിയ ഫയൽ ഗാലറിയിലേക്ക് സേവ് ചെയ്യാൻ ശ്രമിച്ചാൽ, ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓൺ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോർട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ, നിങ്ങളുമായുള്ള ചാറ്റ് സ്വീകർത്താവിന് എക്സ്പോർട്ട് ചെയ്യാൻ കഴിയാതെ വരും.
വാട്സാപ്പിന്റെ ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നിൽ ഈ ഫീച്ചർ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചർ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും സമാനമായ ഫീച്ചർ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവിൽ നിർമാണ ഘട്ടത്തിലുള്ള ഈ ഫീച്ചർ, നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാകും എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവുക.
SUMMARY: WhatsApp introduces ‘Advanced Chat Privacy’ feature to prevent photos sent to friends from being saved in chats.