എതിരിടേണ്ടത് പശ്ചിമ ബംഗാളിനെ, എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്


ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് ഫൈനല്‍ പോരാട്ടം. പശ്ചിമ ബംഗാളിനെയാണ് കേരളം നേരിടുന്നത്. ഹൈദരാബാദില്‍ വൈകുന്നേരം ഏഴുമണിക്കാണ് മത്സരം.

എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളത്തിന്റെ ജി. സഞ്ജുവും സംഘവും ഇന്ന് ഇറങ്ങുന്നത്. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം ലൈവായി കാണാം. യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പെടെ ഒരു മത്സരങ്ങളിലും തോല്‍ക്കാതെയാണ് കേരളവും ബംഗാളും ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. പത്ത് മത്സരങ്ങളില്‍ ഒരു സമനില ഒഴിച്ചാല്‍ ഒമ്പതിലും വിജയിച്ചാണ് കേരളം ഫൈനല്‍ കളിക്കാന്‍ ഇറങ്ങുന്നത്.

ഏഴു തവണയാണ് കേരളം സന്തോഷ് ട്രോഫിയില്‍ ചാംപ്യന്‍മാരായത്. 1973ലാണ് ആദ്യമായി സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ഫൈനലില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചായിരുന്നു ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജ് പരിശീലിപ്പിച്ച കേരളത്തിന്റെ കിരീടധാരണം. കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത് 2022ല്‍ മഞ്ചേരിയില്‍ നടന്ന മത്സരത്തിലാണ്. ബിനോ ജോര്‍ജിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ ബംഗാളിനെയായിരുന്നു തകര്‍ത്തത്. ജിജോ ജോസഫ് ആയിരുന്നു നായകന്‍. ഈ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള അവസാന ഒരുക്കത്തിലാണ് നായകന്‍ ജി സഞ്ജുവും കോച്ച് ബിബി തോമസും.

സന്തോഷ് ട്രോഫി ചരിത്രത്തില്‍ 46 തവണ ഫൈനലില്‍ എത്തുകയും 32 തവണ ചാമ്പ്യന്‍മാരാകുയും ചെയ്ത ടീമാണ് പശ്ചിമബംഗാള്‍. കേരളം ഇതുവരെ 15 തവണ ഫൈനലിലെത്തിയിട്ടുണ്ട്.

Summary: West Bengal to face, Kerala aiming for eighth crown; Santosh Trophy final today