സുഹൃത്തുക്കൾക്കൊപ്പം പതിവുപോലെ ജിമ്മിൽപോയി, കേബിൾ വയറിൽ കാൽ കുരുങ്ങി ബിൽഡിങ്ങിൽ നിന്ന് താഴേക്ക് വീണു; പേരാമ്പ്ര സ്വദേശിയുടെ അകാല വിയോ​ഗം വിശ്വസിക്കാനാകാതെ നാട്


പേരാമ്പ്ര: ആവള സ്വദേശിയായ യുവാവ് ഷാർജയിൽ മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബക്കാരും ബന്ധുക്കളും. ഇന്നലെ രാവിലെയാണ് ബിൽഡിങ്ങിൽ നിന്ന് വീണ് ആവള പള്ളിയത്ത് വാഴയിൽ അജ്മൽ മരണപ്പെട്ടത്. ജിമ്മിൽ എക്സെെസ് ചെയ്യുന്നതിനിടെ കേബിൽ വയറിൽ കുരുങ്ങി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സ്ഥിരമായി രാവിലെ സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ അജ്മൽ എക്സെെസ് ചെയ്യാൻ പോവാറുണ്ടായിരുന്നു. ഇന്നലെയും ഇത്തരത്തിൽ പോയതായിരുന്നു അജ്മൽ. എക്സെെസ് ചെയ്യുന്നതിനിടെ വയറിൽ കാൽ കുടുങ്ങി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയിൽ നിന്നാണ് അജ്മൽ താഴെ വീണത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാർജയിൽ കഫ്റ്റീരിയയിൽ ജോലി ചെയ്യുകയാണ് അജ്മൽ. ഒന്നര വർഷം മുമ്പാണ് അജ്മാനിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വാഴയിൽ അമ്മദിന്റെയും ആയിഷയുടെയും മകനാണ്. സാരിഹയാണ് ഭാര്യ. മെഹറിൻ ഏക മകളാണ്.

Summary: Went to the gym as usual with his friends, got his foot on the cable wire and fell down from the building. avala native died in Sharjha