കാത്തിരിപ്പിന് വിരാമമാവുന്നു; രണ്ടുമാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ ഡിസംബറില്‍ നല്‍കും, 1800 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും .1800 കോടിയാണ് ഇതിനായി അനുവദിച്ചത്.

മിന്‍പ് മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭതെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാമാസവും നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെയുള്ള നടപടിയാണതെന്ന് വലിയ വിമര്‍ശനം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. അതേസമയംസംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു.

60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ പട്ടികയിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും ധനമന്ത്രി പറഞ്ഞു.

അനര്‍ഹമായി സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു .2019 ഡിസംബര്‍31 ന് മുമ്പ് പെന്‍ഷന്‍ അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താകും.