കൊടും ചൂടിന് കുറവില്ല, മാർച്ച് 28 വരെ കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്


കോഴിക്കോട്: ഉയർന്ന ചൂടിനു കുറവുണ്ടാകില്ലെന്നു കാലാവസ്ഥാ വകുപ്പ്. മാർച്ച് 28 വരെ കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയത്.

ഈ വ്യാഴാഴ്ച വരെ (മാർച്ച് 28 വരെ) കോഴിക്കോട്, കണ്ണൂർസ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തും. അതായത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ.

അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ മഴയക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.