‘ദേശീയപാത നവീകരണത്തോടെ തിക്കോടി ടൗൺ രണ്ടായി വിഭജിക്കപ്പെടും, പി ടി ഉഷ എം പിയുടെ ഇടപെടലിലും നടപടിയില്ല’; അടിപ്പാത വേണമെന്നാവശ്യവുമായി ദേശീയപാത ഓഫീസിനു മുന്നിൽ ബഹുജന ധർണ്ണ
കോഴിക്കോട്: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ദേശീയപാത ഓഫീസിനു മുന്നിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. പി ടി ഉഷ എം പി യുടെ ഇടപെടലിനെ തുടർന്ന് തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുന്നതിന് ദേശീയപാത അതോറിറ്റി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതിൽ തുടർ നടപടികൾ സ്വീകരിക്കാത്തതിനാലാണ് നാട്ടുകാർ ബഹുജന ധർണ്ണ നടത്തിയത്.
ദേശീയപാത ആരുവരിയാക്കി നവീകരിക്കുന്നതോടെ തിക്കോടി രണ്ടായി വിഭജിക്കപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നിലവിലെ സാഹചര്യത്തിൽ ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വൻ മതിലുകൾ ഉയർന്ന് ഇരുഭാഗത്തേക്കുമുള്ള സഞ്ചാരപാത അടയും. ഇതോടെ റെയിൽവേ സ്റ്റേഷൻ, എഫ് സി ഐ ഗോഡൗൺ, ജില്ലാ മണ്ണു പരിശോധന കേന്ദ്രം, പാലൂർ എൽ പി സ്കൂൾ, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, ജില്ലാ മണ്ണു പരിശോധന കേന്ദ്രം, കൃഷിഭവൻ എന്നിവ റോഡിന്റെ പടിഞ്ഞാറ് വശത്തും ഗ്രാമപഞ്ചായത്ത് ഓഫീസ്, സി കെ ജി ഹയർ സെക്കൻഡറി സ്കൂൾ, സി എസ് ബി ബാങ്ക് എന്നിവ കിഴക്ക് വശത്തുമാണ് സ്ഥിതി ചെയ്യുന്നത്.
അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ ഇരുവശങ്ങളിലുമുള്ളവർ ഏറെ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. കൂടാതെ ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെയും റോഡ് നവീകരണം പ്രതികൂലമായി ബാധിക്കും. തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നരവർഷമായി നാട്ടുകാർ സമര രംഗത്താണ്. അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്തംഗം പി വി റംല, ശ്രീധരൻ ചെമ്പുഞ്ചില, സുകുമാരൻ മയോണ, അഷറഫ് പുഴക്കര പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും പറഞ്ഞു.