ഉച്ച കഴിഞ്ഞാൽ ഇനി ഷോര്‍ണ്ണൂര്‍ ഭാഗത്തേക്കുളള വണ്ടിക്കായി അഞ്ചു മണിക്കൂർ കാത്തിരിക്കണം, കൊയിലാണ്ടിയിൽ ഒരു ട്രെയിൻ നിർത്താൻ; ട്രെയിൻ സമയം മാറ്റിയതോടെ പണി കിട്ടിയത് കൊയിലാണ്ടിയില്‍ നിന്നുളള യാത്രക്കാര്‍ക്ക്


കൊയിലാണ്ടി: ഇനി ട്രാക്കിലെ കല്ല് എണ്ണി ഇരിക്കേണ്ടി വരും, ഉച്ചകഴിഞ്ഞു കൊയിലാണ്ടിയിൽ നിന്ന് ട്രെയിൻ കേറാൻ വരുന്നവർ. ട്രെയിനുകളുടെ സമയ മാറ്റം വന്നതോടെ പണി കിട്ടി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ. നവംബര്‍ 11 മുതല്‍ മംഗലാപുരംസെന്‍ട്രല്‍ -ചെന്നൈ സെന്‍ട്രല്‍ മെയിലിന്റെ (നമ്പര്‍ 12602) സമയമാറ്റം ആണ് യാത്രക്കാരെ ദുരിതത്തിലാക്കുക. ഇനി കാത്തിരിക്കേണ്ടി വരുക ആറുമണിക്കൂറോളം.

മംഗലാപുരത്ത് നിന്ന് ചെന്നൈ മെയില്‍ ഇതുവരെ യാത്ര തുടങ്ങിയിരുന്നത് ഉച്ചയ്ക്ക് 1.15 ആയിരുന്നു. കൊയിലാണ്ടിയില്‍ എത്തുന്നത് വൈകീട്ട് 4.40 നും. എന്നാല്‍ സമയ മാറ്റം പ്രാവർത്തികമാക്കുന്നതോടെ ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞിട്ടാവും യാത്ര തുടങ്ങുക. എന്നുവെച്ചാൽ വണ്ടി കൊയിലാണ്ടി സ്റ്റേഷനിൽ എത്തുമ്പോൾ അഞ്ചര ആറു മണിയാകും എന്ന് സാരം. നവംബര്‍ 11 മുതല്‍ ആവും സമയം മാറ്റം നടപ്പിലാക്കുന്നത്. കൊയിലാണ്ടിയില്‍ നിന്നും ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരായിരിക്കും ഇതുമൂലം കഷ്ടപ്പെടാൻ പോകുന്നത്. വൈകിട്ട് കോളേജും ജോലിയുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകാനായി ഈ വണ്ടിയെ ആശ്രയിക്കുന്ന നിരവധി പേരാണുള്ളത്.

ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് ഒരു മണിക്കുളള മംഗലാപുരം -കോയമ്പത്തൂര്‍ പാസഞ്ചര്‍ വണ്ടിയാണ് ഇതിനു മുൻപ് കൊയിലാണ്ടിയിൽ നിർത്തുന്നത്. അത് കഴിഞ്ഞ് അഞ്ചരയോടെ വരുന്ന ചെന്നൈ മെയിലിനായി കാത്തിരിക്കണം. വണ്ടി എങ്ങാനും ലേറ്റ് ആകുവാണെങ്കിൽ പിന്നെ പറയുകയും വേണ്ട.

എന്നാൽ സങ്കടകരമായ മറ്റൊരു കാര്യം ഈ സമയത്തിനിടയിൽ മറ്റു രണ്ടു വണ്ടികൾ ഇവിടെ കൂടെ കടന്നു പോകുന്നുണ്ടെങ്കിലും ഇവിടെ നിർത്തുന്നില്ല എന്നതാണ്. ഈ രണ്ട് ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നു നാളുകളായി യാത്രക്കാർ പറയുന്നുണ്ടെങ്കിലും ഇനിയും യാതൊരു നടപടിയുമെടുക്കാൻ അധികൃതർ തയ്യാറായില്ല. മംഗലാപുരം -കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും, കണ്ണൂര്‍ എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും ആണ് കൊയിലാണ്ടിയിലെ ട്രെയിൻ യാത്രക്കാർക്ക് പ്രതീക്ഷ നൽകി കടന്നു കളയുന്നത്. ഉച്ചയ്ക്ക് 1.50നും രണ്ടു മണിക്കും ഇടയിലും വൈകീട്ട് 3.35നും നാലിനും ഇടയിലാണ് ഈ വണ്ടികൾ കൊയിലാണ്ടിയിലൂടെ കടന്നു പോകുന്നത്. ചൂളം വിളികൾ കേട്ട് ഓടിയെത്തിയിട്ടും കാര്യമില്ല, കൊയിലാണ്ടിയിൽ ആ തീവണ്ടിക്ക് സ്റ്റോപ്പില്ല.

ഈ രണ്ടു വണ്ടികളും നിർത്തിയാൽ യാത്രക്കാരുടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയുന്നതാണ്. എന്നാൽ അധികൃതർ കനിഞ്ഞേ മതിയാകു.. കൊയിലാണ്ടിയിലെ യാത്രക്കാർക്കായി കൃത്യമായ ഇടവേളകളിൽ വാഹനം നിർത്തുവാൻ. കാത്തിരിക്കാം കൊയിലാണ്ടിയിലെ ആശ്വാസത്തിന്റെ ചൂളം വിളികൾ ഉയരുമെന്ന പ്രതീക്ഷയോടെ…