ഉള്ള്യേരി സ്വദേശിയുടെ വയനാട് കാണാത്ത സ്‌കൂട്ടറിന് വയനാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിഴ; ഇതെങ്ങനെ സംഭവിച്ചെന്ന ആശങ്കയില്‍ ഉടമസ്ഥന്‍


ഉള്ള്യേരി: വയനാട് ജില്ലയില്‍ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത പുത്തഞ്ചേരി സ്വദേശിയുടെ ഇരുചക്ര വാഹനത്തിന് വയനാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിഴ. പുത്തഞ്ചേരി സ്വദേശി ടി.ആര്‍.ബിജുവിനാണ് പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചത്.

2024 ഏപ്രില്‍ 12നാണ് വയനാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് 2500 രൂപ ഫൈന്‍ അടക്കാനുണ്ടെന്നു കാണിച്ച് ഇ-ചലാന്‍ അയച്ചത്. പനമരം-കല്പറ്റ റോഡില്‍ അമിത വേഗതയിലും ഹെല്‍മറ്റ് ധരിക്കാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും വാഹനം ഓടിച്ചു എന്നാണ് നോട്ടീസിലുള്ളത്.

കെ.എല്‍ 56 എന്‍ 7673 സ്‌കൂട്ടറിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആര്‍.ടി.ഒ ഓഫീസില്‍ പോയപ്പോഴാണ് ബിജു ഇക്കാര്യം അറിയുന്നത്. ചലാനില്‍ ബസിനെ മറികടക്കുന്ന ബൈക്ക് യാത്രക്കാരുടെ ഫോട്ടോയും ഉണ്ട്. തകരാര്‍ കാരണം ഏപ്രില്‍ മാസം സ്‌കൂട്ടര്‍ പുത്തഞ്ചേരി വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നും ജില്ലക്കു പുറത്തേക്ക് ഇതുവരെ സ്‌കൂട്ടര്‍ കൊണ്ടുപോയിട്ടില്ലെന്നും ബിജു പറഞ്ഞു.

വയനാട് എം.വി.ഡിയുടെ ക്യാമറയില്‍ കുടുങ്ങിയത് വ്യാജ നമ്പറിലുള്ള വാഹനമോ അല്ലെങ്കില്‍ നമ്പര്‍ തെറ്റി ചലാല്‍ അയച്ചുപോയതോ ആകാമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് കൊയിലാണ്ടി ആര്‍.ടി ഓഫിസില്‍ പരാതിപ്പെട്ടെങ്കിലും പിഴ അയച്ച ഓഫീസുമായി ബന്ധപ്പെടാനാണ് പറഞ്ഞത്. സംഭവിച്ചതെന്നാണ് കണ്ടെത്തി നടപടിയെടുത്തില്ലെങ്കില്‍ തനിക്ക് ഇനിയും വിനയാകുമോയെന്ന ആശങ്കയിലാണ് ബിജു.