വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്; കോൺഗ്രസ് എം.എൽ.എ ഐ.സി ബാലകൃഷ്ണനെതിരെ ഗുരുതര പരാമർശം


കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്നും കത്തില്‍ പറയുന്നു.

എട്ട് പേജുള്ള കത്താണ് മകള്‍ പുറത്തവിട്ടിരിക്കുന്നത്. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി, നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം.

നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങിയെന്നും എന്നാല്‍ നിയമനം നല്‍കാനായില്ല. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവില്‍ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായി. ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കത്തില്‍ പറയുന്നു. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ടും പണം എത്ര വാങ്ങിയെന്നത് സംബന്ധിച്ചും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ബാങ്ക് നിയമനത്തിനായി ഐ സി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം പണം വാങ്ങി. എന്നാല്‍ പണം തിരിച്ചു നല്‍കാന്‍ ഐ സി ബാലകൃഷ്ണന്‍ തയാറായില്ല. അര്‍ബന്‍ ബാങ്കില്‍ 65 ലക്ഷം ബാധ്യതയുണ്ട്. സ്ഥലം പോലും വില്‍ക്കാനാവാത്ത സ്ഥിതിയാണ്.

എന്‍എം വിജയനൊപ്പം മരിച്ച മകന് അര്‍ബന്‍ ബാങ്കില്‍ ഉണ്ടായിരുന്ന പാര്‍ട് ടൈം ജോലി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ താല്‍പര്യപ്രകാരം മറ്റൊരാളെ നിയമിക്കാന്‍ മകനെ ബാങ്കിലെ ജോലിയില്‍നിന്ന് പുറത്താക്കി. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് വിജയന്റെ മക്കള്‍ ആവശ്യപ്പെട്ടു.