കാര്യക്ഷമമായ ഡ്രെയ്‌നേജ് സംവിധാനമില്ല, കൊയിലാണ്ടി കൊരയങ്ങാട് വയല്‍പ്പുര ഭാഗത്തില്‍ വെള്ളക്കെട്ട് രൂക്ഷം; പത്തോളം വീടുകള്‍ വെള്ളക്കെട്ടില്‍


കൊയിലാണ്ടി: രണ്ടുദിവസമായുള്ള ശക്തമായ മഴയില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 33ാം ഡിവിഷിലെ വയല്‍പുര ഭാഗവും അമ്പാടി റോഡും വെള്ളത്തിലായി. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സമീപത്തെ കൊരയങ്ങാട് ക്ഷേത്ര മൈതാനവും വെള്ളക്കെട്ടിലാണ്.

 ഇവിടങ്ങളിലെ പത്തോളം വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ടാണ്. മഴക്കാലത്ത് കുറച്ചുകാലമായി ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നഗരസഭയ്ക്കും, താലൂക്കിലും, മുഖ്യമന്ത്രിക്കും, എം.പിക്കും,എം എല്‍ .എക്കും പരാതികള്‍ നല്‍കിയിട്ടും യാതൊരു പരിഹാരവുമായില്ല. തുടര്‍ച്ചയായ മഴ പെയ്താല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ വെള്ളക്കെട്ടില്‍ കഴിയേണ്ട അവസ്ഥയാണ്.

അതേസമയം വായനാരി തോട് നവീകരണത്തോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് പ്രദേശത്തെ കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തോടിന്റെ പല ഭാഗങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇതിലൂടെയുള്ള വെള്ളമൊഴുക്ക് തടസപ്പെടുന്നതും ദേശീയപാതയ്ക്ക് സമീപം ഡ്രെയ്‌നേജ് സംവിധാനമില്ലാത്തതുമെല്ലാം ഈ മേഖലയിലെ വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.