പുറക്കാട് ഭാഗത്തെ ജലക്ഷാമത്തിന് കാരണം വെള്ളറക്കാറന്‍ കണ്ടിയിലെ തണ്ണീര്‍ത്തടം നികത്തിയതെന്ന് പ്രദേശവാസികള്‍; നെല്‍വയല്‍ സംരക്ഷണ വലയം സംഘടിപ്പിച്ച് പ്രതിഷേധം


പുറക്കാട്: പുറക്കാട് ഭാഗത്തു വലിയതോതില്‍ തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തിയതിനെതിരെ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ വലയം സംഘടിപ്പിച്ച് പ്രദേശവാസികള്‍. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തിയതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഇതിനെതിരെ മുന്നോട്ടുവന്നത്.

ഏക്കറുകളോളം വരുന്ന പുറക്കാട് വെള്ളറക്കാറന്‍ കണ്ടി തണ്ണീര്‍ത്തടം പ്രദേശത്തെ കിണറുകളെ ജലസമ്പുഷ്ടമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ തണ്ണീര്‍ത്തടം നികത്തിക്കൊണ്ടിരിക്കുകയാണ്. അടിഭാഗത്ത് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ച് മുകളില്‍ മാത്രം മണ്ണിട്ടാണ് പലയിടങ്ങളും നികത്തിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

പുറക്കാട് ഭാഗത്തെ കിണറുകള്‍ പലതും ഇത്തവണത്തെ വേനലില്‍ വറ്റിരുന്നു. ഇതിന് മുമ്പൊന്നും ഈ മേഖലയിലെ താഴ്ന്ന പ്രദേശത്തെ കിണറുകള്‍ വറ്റുന്ന അവസ്ഥ വന്നിട്ടില്ലെന്നും പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതിനെതിരെ നേരത്തെയും ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷതയില്‍ മേലടി ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ അനുശ്രീസുവിത്, ശ്രീ രാമചന്ദ്രന്‍ കുയ്യണ്ടി (ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റ്,) വാസു മാസ്റ്റര്‍, ശ്രീധരന്‍ കോരച്ചങ്കണ്ടി, കെ. കെ ഗോപാലന്‍.പി. വിശ്വ നാഥന്‍, രവീന്ദ്രന്‍. ഇ, ശശി എന്നിവര്‍ സംസാരിച്ചു.