പയ്യോളി, പെരുമാള്‍ പുരം, ചെങ്ങോട്ടുകാവ് തുടങ്ങിയ ഇടങ്ങളിലെ വെള്ളക്കെട്ട്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം
പയ്യോളി: പയ്യോളി ടൗണിലും പെരുമാള്‍ പുരം ചെങ്ങോട്ടുകാവ് തുടങ്ങിയ ഇടങ്ങളിലും ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും നോട്ടീസ് അയച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ദേശീയപാത അതോറിററി പ്രോജക്ട് ഡയറക്ടറും ജില്ലാ കലക്ടറും 15 ദിവസനത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് ഉത്തരവിട്ടു. ആഗസ്റ്റ് 25ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
ആറുവരിപ്പാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്ന പ്രദേശങ്ങളുടെ പരിസരം വെള്ളത്തിനടിയിലാണെന്ന പരാതി പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ വെള്ളം ഉയരുന്നുണ്ട്. സര്‍വ്വീസ് റോഡ് നിര്‍മ്മിച്ച സ്ഥലങ്ങളില്‍ വെള്ളം ഒഴിഞ്ഞുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
പയ്യോളി ടൗണിലും പെരുമാള്‍ പുരത്തും വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ സ്ഥിതിയുണ്ടായിരുന്നു.