മുചുകുന്ന് പാച്ചാക്കല്‍ മേഖലയിലെ രണ്ടുകിണറുകളിലെ വെള്ളം ചെളിനിറഞ്ഞ് ഉപയോഗശൂന്യമായി; പ്രദേശത്തെ ടൈല്‍ നിര്‍മ്മാണ യൂണിറ്റിലെ അശാസ്ത്രീയ മാലിന്യനിര്‍മ്മാര്‍ജ്ജനം കാരണമെന്ന് നാട്ടുകാര്‍


മുചുകുന്ന്: പാച്ചാക്കല്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ടൈല്‍ നിര്‍മ്മാണ യൂനിറ്റില്‍ നിന്നും പുറംതള്ളുന്ന മലിന ജലം കാരണം സമീപപ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമാകുന്നതായി പരാതി. അടുത്തിടെയായി സമീപത്തെ രണ്ടു വീടുകളിലെ കിണറിലെ വെള്ളം ചെളികലങ്ങിയതുപോലെയാണ്. സമീപത്തെ കനാല്‍ തുറന്നാലും മഴക്കാലമായാലും പ്രദേശത്തെ കൂടുതല്‍ കിണറുകളെ ഇത് ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പാച്ചാക്കലിലെ ചെങ്കല്‍ ടൈല്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ട് മൂന്നാല് വര്‍ഷമായി. കല്ലുവെട്ടിയ കുഴിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ടൈല്‍ നിര്‍മ്മാണത്തിന് ആവശ്യമുള്ള ചെങ്കല്ലുകള്‍ കണ്ണൂരില്‍ നിന്നും എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ടൈല്‍ നിര്‍മ്മിച്ചശേഷമുള്ള മാലിന്യങ്ങള്‍ സമീപത്തുള്ള വലിയൊരു കുഴിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന പ്രദേശത്തായതിനാല്‍ ഈ മാലിന്യം മണ്ണിനടിയിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങുന്നതാണ് കിണറുകള്‍ മലിനപ്പെടാന്‍ കാരണമെന്ന് മലിനജലം കാരണം ഉപയോഗശൂന്യമായ കിണറുകളിലൊന്നിന്റെ ഉടമയായ പ്രകാശന്‍ കൊയിലാണ്ടിന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അശാസ്ത്രീയമായ മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനം കാരണമാണ് കിണറുകള്‍ മലിനപ്പെട്ടത്. മലിനജലം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെ കിണര്‍ വെള്ളം വറ്റിച്ചപ്പോള്‍ ടൈല്‍നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഭാഗത്തുളള ഉറവകള്‍ വഴിയാണ് ചെളിവെള്ളം വരുന്നതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥാപനത്തിലുള്ളവര്‍ക്കും ബോധ്യപ്പെട്ടെന്നും പ്രകാശന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. നിലവില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാഴ്ചയോളമായി ടൈല്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കിണറിലെ മാലിന്യപ്രശ്‌നത്തിന് അല്പം ആശ്വാസമുണ്ട്. എങ്കിലും വെള്ളം ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയല്ലെന്നും പ്രകാശന്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി സി.വി.ശിവദാസന്‍ ചെയര്‍മാനും രാജന്‍ പട്ടേരി കണ്‍വീനറുമായി കുടിവെള്ള സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.പി.ലത അദ്ധ്യക്ഷത വഹിച്ചു.