ചേലിയയില്‍ ആത്മഹത്യ ചെയ്ത വിജിഷയുടെ അനുഭവം പാഠമാകണം; ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകളുടെ തട്ടിപ്പ് രീതിയും കെണിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി അറിയാം
അടുത്തിടെ കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത ചേലിയ സ്വദേശിനി വിജിഷയെ ഓര്‍മ്മയില്ലേ. ഓണ്‍ലൈന്‍വായ്പ ആപ്പുകളുടെ കെണിയില്‍പെട്ടതാണ് വിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിരവധിയാളുകളാണ് വിജിഷയെപ്പോലെ ഈ ആപ്പുകളുടെ കെണിയില്‍പെടുകയും ചിലര്‍ മാനഹാനി ഭയന്ന് ജീവന്‍ തന്നെ വെടിഞ്ഞതും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുപോലുള്ള കെണിയില്‍ പെടുന്നത് നമുക്ക് ഒഴിവാക്കാനാവും.
കൗമാരക്കാരെയും വിദ്യാര്‍ഥികളെയുമാണ് വായ്പാ ആപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ എസ്.എം.എസ്, ഇ മെയില്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ ഇവര്‍ ഇരകളെ കണ്ടെത്തും. സാധാരണക്കാര്‍ക്ക് അനായാസം നല്‍കാന്‍ കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് ഇവര്‍ ഉപഭോക്താക്കളെ വരുതിയിലാക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാല്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. അത്യാവശ്യക്കാര്‍ ഒന്നും ആലോചിക്കാതെ ഇവര്‍ ചോദിക്കുന്ന വിവരങ്ങള്‍ എടുക്കാന്‍ അനുമതി നല്‍കുകയും ചെയ്യും.
3000 രൂപ വായ്പയായി എടുത്താല്‍ വിവിധ ചാര്‍ജുകള്‍ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പില്‍ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാന്‍ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
നാട്ടിലെ ബ്ലേഡ് പലിശക്കാരെപ്പോലെ കഴുത്തറപ്പന്‍ പലിശയാണ് ഇവര്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ മൊബൈലില്‍ നിന്നും ശേഖരിച്ച കോണ്ടാക്ട് വിവരങ്ങള്‍ വെച്ച് പല പരിചയക്കാര്‍ക്കും ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്തിയെന്ന് ഭീഷണിപ്പെടുത്തുകയും അവര്‍ക്കിടയില്‍ ഉപഭോക്താവിനെ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ഓണ്‍ലൈനായി ലോണ്‍ നല്‍കുന്ന മിക്ക ആപ്പുകളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവയ്ക്ക് ആര്‍.ബി.ഐയുടെ രജിസ്ട്രേഷനോ സര്‍ക്കാറിന്റെ ലൈസന്‍സോ ഉണ്ടാവില്ല.
കെണിയില്‍ പെടാതിരിക്കാന്‍ എന്ത് ചെയ്യണം?
നമ്മള്‍ വായ്പയെടുക്കുന്ന സ്ഥാപനം നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതാണ് എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും അഭികാമ്യം. ഓണ്‍ലൈന്‍ വഴിയാണ് ഇടപാട് നടത്തുന്നതെങ്കില്‍ പ്രസ്തുത ആപ്പിന് വിശ്വാസ്യതയുണ്ടോയെന്നും സുരക്ഷിതമാണോയെന്നും പരിശോധിക്കണം. ഇതിനായി ആ സ്ഥാപനത്തിന് ഓഫീസുണ്ടോ ഉണ്ടെങ്കില്‍ അത് എവിടെയാണ് പ്രവര്‍ത്തിക്കുന്നത് എ്‌ന കാര്യം പരിശോധിക്കുക. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും കാര്യങ്ങള്‍ അന്വേഷിക്കാം.
ഇനി വായ്പയ്ക്കായി അപേക്ഷ നല്‍കുമ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് പശ്ചാത്തലം അന്വേഷിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. അത്തരം സ്ഥാപനങ്ങള്‍ സുരക്ഷിതമായിരിക്കും. തിടുക്കത്തില്‍ വായ്പ അടിച്ചേല്‍പ്പിക്കുന്നത് പോലെ തോന്നിയാല്‍ ഉടന്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുക.