ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; മൂരാട് ഓയില്‍ മില്ലില്‍ രണ്ട് വീടുകള്‍ വെള്ളത്തിലായി, വാഗഡ് ജീവനക്കാരുടെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു
പയ്യോളി: മൂരാട് ഓയില്‍ മില്ലില്‍ വീടുകള്‍ വെള്ളിത്തിലായതിനെ തുടര്‍ന്ന് ഇരിങ്ങലില്‍ കരാര്‍ കമ്പനിയായ വാഗഡിന്റെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ദേശീയപാത പ്രവൃത്തികളുടെ അശാസ്ത്രീയതയാണ് വീടുകള്‍ വെള്ളത്തിലായത് എന്ന ആരോപിച്ചായിരുന്നു നാട്ടുകാര്‍ വാഹനം തടഞ്ഞുവെച്ചത്. ദേശീയപാതയ്ക്ക് സമീപത്തെ രണ്ട് വീടുകളിലാണ് വെള്ളം കയറിയത്. ഒരു വീട്ടിലെ ബാത്ത്‌റൂം തകര്‍ന്നു വീണിട്ടുണ്ട്.
രാവിലെ മുതല്‍ വാഗഡ് ജീവനക്കാരോട് നാട്ടുകാര്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞിട്ടും ജീവനക്കാര്‍ മറുപടിയൊന്നു നല്‍കാതായതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. ഏതാണ്ട് 4മണിക്ക് ആരംഭിച്ച പ്രതിഷേധം 5.30വരെ നീണ്ടുനിന്നു.
പ്രശ്‌നത്തിന് പരിഹാരമുണ്ടായതിനുശേഷം മാത്രമേ വാഹനങ്ങള്‍ വിട്ടയക്കൂ എന്ന നാട്ടുകാര്‍ പറഞ്ഞതോടെ വാഗഡ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പോലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.