വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ തര്‍ക്കം നിലനില്‍ക്കുന്ന കെട്ടിടം പൂട്ടി സീല്‍ ചെയ്ത് പൊലീസ്; നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ അധീനതയിലുള്ളതും നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമായ കെട്ടിടം കോടതി ഉത്തരവ് പ്രകാരം കൊയിലാണ്ടി പൊലീസ് പൂട്ടി സീല്‍ ചെയ്തു. കോടതി ഉത്തരവ് നിലനില്‍ക്കെ തര്‍ക്ക വസ്തുവായ കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്ത് സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിച്ചത് ചോദ്യം ചെയ്ത് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും സ്ഥാപനം പൂട്ടി സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. വടകര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്.
കെ.പി.ശ്രീധരന്‍ യൂണിറ്റ് പ്രസിഡന്റായുള്ള കമ്മിറ്റിയും വിമത കക്ഷിയും വ്യാപാരി നേതാവുമായ അഷ്‌റഫ് മൂത്തേടത്തും സംഘവും തമ്മിലാണ് കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നത്. നേരത്തെ കെട്ടിടം കെ.പി.ശ്രീധരന്‍ യൂണിറ്റ് പ്രസിഡന്റായുള്ള കമ്മിറ്റിക്ക് നല്‍കാന്‍ ആര്‍.ഡി.ഒ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ എതിര്‍കക്ഷി ചോദ്യം ചെയ്യുകയും കോഴിക്കോട് സെഷന്‍സ് കോടതി ആര്‍.ഡി.ഒ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു.
കെട്ടിടത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ കെട്ടിടം പൂട്ടി സീല്‍ ചെയ്ത് മഹസര്‍, കെട്ടിടത്തിന്റെ താക്കോല്‍ എന്നിവ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ കെ.പി.ശ്രീധരന്റെ നേതൃത്വത്തില്‍ കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്ത് സ്ഥാപനം കയ്യേറുകയായിരുന്നു. ഇതിനെതിരെ എതിര്‍കക്ഷി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് കോടതി വീണ്ടും കെട്ടിടം പൂട്ടി സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
എന്നാല്‍, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം താന്‍ പ്രസിഡന്റായ കമ്മിറ്റിക്ക് വിട്ടുകൊണ്ട് ആര്‍.ഡി.ഒ ഉത്തരവിട്ടിരുന്നെന്ന് ശ്രീധരന്‍ പറഞ്ഞു. മറുപക്ഷം ഈ ഓഫീസ് അടപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസിനെ സ്വാധീനിച്ച് ഇവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന തരത്തില്‍ ആര്‍.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഓഫീസ് പൂട്ടിയ നടപടിയെന്നും ശ്രീധരന്‍ ആരോപിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ഇതനുസരിച്ചാണ് കൊയിലാണ്ടി പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് വീണ്ടും പൂട്ടി സീല്‍ ചെയ്തത്. കെട്ടിടത്തിനുള്ളിലെ സാധനസാമഗ്രികള്‍ സംബന്ധിച്ച് ലിസ്റ്റുണ്ടാക്കണമെന്ന് കെ.പി.ശ്രീധരന്‍ പൊലീസിനോട് ആവശ്യപ്പെടുകയും പൊലീസ് ഇതുപ്രകാരം സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Summary: vyapari vyavasayi ekopanasamiti koyilandy unit office sealed