”ആഢംബര യാത്രയും സദസ്സുമായി ഊരുചുറ്റുന്ന പിണറായി വിജയനും കൂട്ടരും നാടിനെ ദുരിതത്തിലേക്ക് തള്ളിവിടുന്നു”; മന്ദങ്കാവില്‍ കെ.എം ഹസന്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനത്തില്‍ വി.ടി.ബല്‍റാം


നടുവണ്ണൂര്‍: ആഢംബര യാത്രയും സദസ്സുമായി ഊരുചുറ്റുന്ന പിണറായി വിജയനും കൂട്ടരും സാധാരണക്കാരന്റെ പരാതികള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ നാടിനെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തളളിവിടുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബല്‍റാം. രാജ്യമൊന്നാകെ തീവ്ര വലതുപക്ഷ ഫാസിസത്തിനെതിരേ പോരാടേണ്ട വേളയിലും, കോണ്‍ഗ്രസിനുണ്ടാവുന്ന താത്കാലിക തിരിച്ചടികളില്‍ സന്തോഷിക്കുന്ന സി.പി.എമ്മുകാര്‍ സംഘ് പരിവാറിന്റെ ബി ടീമായി മാറി ഇന്ത്യയുടെ മതേതര ദേശീയതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ദങ്കാവില്‍ ആദ്യകാല കോണ്‍ഗ്രസ് നേതാവും മത സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കെ എം ഹസന്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബല്‍റാം.

നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിലൂടെ സാമൂഹികാംഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു ഹസന്‍കുട്ടി ഹാജിയുടേതെന്ന് പ്രഭാഷകര്‍ അനുസ്മരിച്ചു. മണ്ഡലം പ്രസിഡണ്ട് എ.പി.ഷാജി അധ്യക്ഷത വഹിച്ചു.

കാവില്‍ പി.മാധവന്‍, സാജിദ് നടുവണ്ണൂര്‍, കെ.രാജീവന്‍, എം.സത്യനാഥന്‍, എം.കെ.ജലീല്‍, രാജേഷ് ഇടുവാട്ട്, പി വിനോദ്, കെ.എം.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നടുവണ്ണൂര്‍ ദേശത്തെ ആവിഷ്‌കരിച്ച ‘ഒരു ദേശം ഓനെ വരയ്ക്കുന്നു’ എന്ന നോവല്‍ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച പ്രമുഖ എഴുത്തുകാരന്‍ ഡോ.എന്‍ വി.മുഹമ്മദ് റാഫി, ഫ്‌ലവേഴ്‌സ് ടിവി ഫെയിം ഗായിക ഹരിചന്ദന, കിക്ക് ബോക്‌സിംഗ് ജേതാവ് കശ്യപ് എന്നിവരെ ആദരിച്ചു.

കെ.എം.ജലീല്‍, ജമാല്‍ വെങ്ങിലേരി, നിസാര്‍ മഠത്തില്‍, കൊളോറത്ത് നാരായണന്‍, എം.കെ.ശ്രീധരന്‍, അമല്‍ ഹാദി, അജിത് കുമാര്‍.വി.പി, നസീഹ് റിഫാദ്, നുസ്‌റത്ത്, സുരേന്ദ്രന്‍.എന്‍.കെ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.