ആനയൂട്ടിനായി വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രനടയില്‍ നിരന്നത് ഏഴ് ആനകള്‍; കാഴ്ചക്കാരായി നൂറുകണക്കിന് ആനപ്രേമികളും
വിയ്യൂര്‍: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായുള്ള ആനയൂട്ട് ചടങ്ങ് പൂര്‍ത്തിയായി. രാവിലെ എട്ട് മണിയോടെയാണ് ആനയൂട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഏഴ് ആനകളാണ് ഇത്തവണ ആനയൂട്ടിനെത്തിയത്.
കടേക്കച്ചാല്‍ ഗണേശന്‍, അക്കരമ്മല്‍ ശേഖരന്‍, ചെറിയ പറമ്പത്ത് ഗോപാല്‍, പൊന്നര്‍ ഗജേന്ദ്രന്‍, ആര്‍.സി.എസ് കാവേരി, കളിപുരയില്‍ ശ്രീദേവി, പള്ളിക്കല്‍ ബസാര്‍ മിനി എന്നീ ആനകളാണ് ആനയൂട്ടില്‍ പങ്കുചേര്‍ന്നത്. പന്ത്രണ്ട് ആനകളുണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പട്ടാമ്പി നേര്‍ച്ചയില്‍ പങ്കെടുത്ത ചില ആനകള്‍ക്ക് കൃത്യസമയത്ത് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതിനാല്‍ ആനയൂട്ടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ആനയൂട്ടിന്റെ ഭാഗമായി ശക്തന്‍കുളങ്ങര ആനപ്രേമി സംഘം ചെറിയ പറമ്പത്ത് ഗോപാല്‍ എന്ന ആനയെ ആദരിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പുത്തന്‍പുരയില്‍ രാമചന്ദ്രന്‍, ബിജേഷ് പാറപ്പുറത്ത്, ജിതിന്‍.ടി.പി, അഭിലാഷ് പാറപ്പുറത്ത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ് നടന്നത്.
മുന്‍വര്‍ഷത്തേത് പോലെ ആനയൂട്ടില്‍ ഇത്തവണയും വലിയ തോതിലുള്ള ഭക്തജന പങ്കാളിത്തമുണ്ടായിരുന്നു. നൂറുകണക്കിന് ആനപ്രേമികളാണ് ആനയൂട്ട് കാണാനും ആനകള്‍ക്ക് നിവേദ്യം എത്തിക്കാനുമായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.