പത്തോളം രാജ്യങ്ങളില്‍ നിന്നായി ഇരുപത്തി അഞ്ചോളം ചിത്രങ്ങള്‍; വിഷന്‍ ഇന്‍ട്രൊസ്‌പെക്ടീവ് അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി


കൊയിലാണ്ടി: അന്താരാഷ്ട്ര ചിത്ര പ്രദര്‍ശനമായ ‘വിഷന്‍ ഇന്‍ട്രൊസ്‌പെക്ടീവ്’ വിന് കൊയിലാണ്ടിയില്‍ തുടക്കമായി. സായ് പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്യുന്ന ചിത്ര പ്രദര്‍ശനം കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

പത്തു രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയഞ്ചു ചിത്രകാരന്മാരുടെ വിവിധ മാധ്യമങ്ങളിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചിത്രങ്ങള്‍ക്ക് മാത്രമേ സാര്‍വ്വലൗകിക ഭാഷയായി നില നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നും അതുതന്നെയാണ് ചിത്രങ്ങളുടെ ശക്തിയെന്നും ഉദ്ഘാടന ഭാഷണത്തില്‍ കല്പറ്റ നാരായണന്‍ പറഞ്ഞു. ജനുവരി ഏഴ് വരെ ചിത്ര പ്രദര്‍ശനം നീണ്ടുനില്‍ക്കും.

ചടങ്ങില്‍ യു.കെ.രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ സായ് പ്രസാദ് സ്വാഗതം പറഞ്ഞു. എന്‍.വി ബാലകൃഷ്ണന്‍, ശിവാനന്ദന്‍ കെ.എം, ഷാജി കാവില്‍, റഹ്‌മാന്‍ കൊഴക്കല്ലൂര്‍, സി.കെ.കുമാരന്‍, എന്‍.വി.മുരളി, രാജേന്ദ്രന്‍ പുല്ലൂര്‍, ദിനേശ് നക്ഷത്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.