വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
വിലങ്ങാട്: ചൊവ്വാഴ്ച അര്‍ധരാത്രി വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു ആണ് മരിച്ചത്. അന്‍പത്തിയൊന്‍പത് വയസായിരുന്നു.
നാട്ടുകാരും ദുരന്തനിവാരണ സേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞച്ചീളിയില്‍ നിന്നും 500 മീറ്റര്‍ അകലെ പത്താംമൈലിലാണ് മൃതദേഹം കണ്ടത്.
രണ്ടുദിവസമായി മാത്യുവിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍ സമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു മാത്യു.
മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമതും ഉരുള്‍പൊട്ടിയതോടെ മാത്യു സമീപത്തെ കടയില്‍ കയറി. വെള്ളം കുത്തിയൊഴുകിയതോടെ മാത്യുവിനെ പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൂന്നാമതും ഉരുള്‍പൊട്ടിയതോടെ കടയടക്കം ഒഴുകിപ്പോകുകയായിരുന്നു.
കുമ്പളച്ചോല ഗവ.എല്‍.പി സ്‌കൂളിലെ റിട്ട. അധ്യാപകനാണ് മാത്യു എന്ന മത്തായി മാഷ്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തകർന്നിരുന്നു.