വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ തുടരുന്നു
നാദാപുരം: വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ അടിച്ചിപ്പാറയില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്ന് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് ഉരുള്‍പൊട്ടിയത്. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ വ്യാപകനാശമാണ് ഉണ്ടായത്. അതിന്റെ ആഘാതത്തില്‍ നിന്നും ആളുകള്‍ കരകയറുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും, ഇ.കെ വിജയന്‍ എം.എല്‍.എയും സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു വീണ്ടും ഉരുള്‍പൊട്ടല്‍
ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വിലങ്ങാട് ടൗണിലും പരിസരത്തുമുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി നില്‍ക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യു മാഷിനായി ഇന്നും തെരച്ചില്‍ നടത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.