”കൊയിലാണ്ടിയിലെ ദളപതി വിജയ് ഫാന്‍സ് ആവശ്യപ്പെട്ടു, ബസ് ജീവനക്കാര്‍ ഒ.കെ പറഞ്ഞു” അരീക്കല്‍, സജോഷ് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് സൗജന്യയാത്ര
ദളപതി വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ച് വമ്പന്‍ ആഘോഷങ്ങളും സര്‍പ്രൈസുകളുമാണ് ആരാധകര്‍ ഒരുക്കുന്നത്. ആഘോഷങ്ങളില്‍ കൊയിലാണ്ടിയിലെ വിജയ് ഫാന്‍സ് അസോസിയേഷനും ഒപ്പമുണ്ട്. വിജയ്‌യുടെ ആരാധകരില്‍ വലിയൊരു പങ്കും കുട്ടികളാണ്. പിറന്നാളാഘോഷിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കിടിലന്‍ ഓഫറുമായാണ് കൊയിലാണ്ടിയിലെ വിജയ് ഫാന്‍സ് മുന്നോട്ടുവന്നിരിക്കുന്നത്. കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്കും മേപ്പയ്യൂരിലേക്കും മുചുകുന്നിലേക്കും പോകുന്ന മൂന്നു ബസുകളിലാണ് വിജയ് ആരാധകര്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നത്.
കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ ബസും വടകരയിലേക്ക് പോകുന്ന അരീക്കല്‍, മുചുകുന്നിലേക്കും വടകരയിലേക്കും പോകുന്ന സജോഷ് എന്നീ ബസുകളിലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ”വിജയ് ആരാധകര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു.” അരീക്കല്‍ ബസിലെ കണ്ടക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.